തിരുവനന്തപുരം: കെ എസ് എഫ് ഇയിൽ വിജിലൻസ് പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തിയ സംഭവത്തിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷമാകുന്നു. റെയ്ഡിനെതിരെ നിശിത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ രംഗത്ത് വന്നു.
പരാതിക്കാരൻ ആരാണെന്ന് വ്യക്തമാക്കണം. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് റെയ്ഡ് നടത്തിയത്. പ്രത്യാഘാതം എന്താണെന്ന് സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചില്ല. സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുകയാണ് ലക്ഷ്യം. എന്താണ് നടക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
കൂടാതെ, റെയ്ഡ് നടത്തിയവർക്ക് വട്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. റെയ്ഡിനെതിരെ കൂടുതൽ നേതാക്കൾ രംഗത്തെത്തി. മുഖ്യമന്ത്രി തന്നെ നിയന്ത്രിക്കുന്ന വിജിലൻസ്, റെയ്ഡ് നടത്തിയതിൽ പല നേതാക്കൾക്കും അഭിപ്രായ ഭിന്നതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് റെയ്ഡ് നടത്തിയത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി. റെയ്ഡിൽ നിരവധി ക്രമക്കേടുകളും കണ്ടെത്തി. ധനമന്ത്രിക്കു പിന്നാലെ ആനത്തലവട്ടവും റെയ്ഡിനെതിരെ രംഗത്തെത്തിയതോടെ പാര്‍ട്ടിയിലെ അതൃപ്തി മറനീക്കി പുറത്ത് വന്നു. മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം രൂക്ഷമായ ഭാഷയില്‍ പരസ്യ വിമര്‍ശനമുന്നയിച്ചത് പാർട്ടിയെ ഞെട്ടിച്ചു. ഇതോടെ വിഷയം ചര്‍ച്ച ചെയ്യാതെ മുന്നോട്ടുപോകാനാവില്ലെന്ന നിലയിലാണ് പാർട്ടി.
സംഭവം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്‍ വ്യക്തമാക്കി. നേരത്തെ സംസ്ഥാനത്തെ വിവിധ കെഎസ്‌എഫ്‌ഇ ബ്രാഞ്ചുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. മിന്നല്‍ പരിശോധനകളില്‍ മുപ്പതിലേറെ ബ്രാഞ്ചുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു. സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ- കെ ഫോൺ ക്രമക്കേടുകൾ എന്നിവയിൽ പെട്ട് നട്ടം തിരിയുന്ന സർക്കാരിന് കനത്ത തിരിച്ചടിയാണ് കെ എസ് എഫ് ഇ യുമായി ബന്ധപ്പെട്ട വിജിലൻസ് കണ്ടെത്തലുകൾ.
Discussion about this post