കൊല്ലം: മിക്കയിടങ്ങളിലും ഇടത് മുന്നണി തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പരസ്യമായി ലംഘിക്കുന്നതായി ആരോപണം ഉയരുന്നു. സർക്കാർ ജീവനക്കാർ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെ പല സ്ഥലങ്ങളിലും ഇവർ നേരിട്ട് വീട് കയറി പ്രചാരണം നടത്തുന്നതായാണ് ആക്ഷേപം ഉയരുന്നത്. സാമൂഹിക മാധ്യമങ്ങളിലും ഇടത് അനുകൂല സർക്കാർ ഉദ്യോഗസ്ഥർ പ്രചാരണങ്ങളിൽ സജീവമാണ്.
സർക്കാർ ജീവനക്കാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടാൻ പാടില്ലെന്ന് പെരുമാറ്റ ചട്ടം 69ൽ വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പു സമയത്ത് സ്ഥാനാർത്ഥിയുടെ കൂടെ സഞ്ചരിക്കാൻ പാടില്ല, സ്ഥാനാർത്ഥിയുമായി ഫോട്ടോയ്ക്ക് നിൽക്കാൻ പാടില്ല, കൈയിൽ ഇലക്ഷനുമായി ബന്ധപ്പെട്ട നോട്ടീസ് കൊണ്ടു പോകാൻ പാടില്ല, പ്രകടനത്തിൽ പങ്കെടുക്കാൻ പാടില്ല, സ്ഥാനാർത്ഥിയുമായി സ്ക്വാഡ് വർക്ക് പാടില്ല, കമ്മറ്റികളിൽ ഭാരവാഹിത്വം വഹിക്കാൻ പാടില്ല, പൊതുയോഗത്തിൽ പങ്കെടുക്കാനും വേദി പങ്കിടുവാനും പാടില്ല, സ്ഥാനാർത്ഥിയുടെ പോസ്റ്റുകൾ ഷെയർ ചെയ്യാനും പോസ്റ്റ് ചെയ്യാനും പാടില്ല, ഇലക്ഷനുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും പോസ്റ്റ് ചെയ്യാനോ ഷെയർ ചെയ്യാനോ പാടില്ല എന്നീ കാര്യങ്ങൾ ചട്ടത്തിൽ വ്യക്തമായി നിഷ്കർഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇടത് അനുകൂലികളായ ജീവനക്കാർ ഇവ ലംഘിച്ചതായി ആരോപിക്കപ്പെടുന്നത്.
കെ എസ് ആർ ടി സി ജീവനക്കാർ എന്ന് പരസ്യമായി ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കിയിരിക്കുന്ന വ്യക്തികൾ പോലും യാതൊരു നിയന്ത്രണവുമില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പരസ്യമായി ഷെയർ ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇവ തെളിവ് സഹിതം വകുപ്പുകളുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ശ്രദ്ധയിൽ പെടുത്താൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.











