ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി കപ്പലിന്റെ കമ്മീഷനിങ്ങിനു മുന്നോടിയായുള്ള സമുദ്ര സഞ്ചാര ക്ഷമത പരിശോധന അഥവാ സീ ട്രയൽസ് ഉടൻ നടക്കുമെന്ന് റിപ്പോർട്ടുകൾ.
കൊച്ചി ഷിപ്യാർഡിൽ നിർമ്മാണം പുരോഗമിക്കുന്ന വിമാനവാഹിനി കപ്പലായ വിക്രാന്തിന്റെ ബേസിൻ ട്രയൽസ് കഴിഞ്ഞ മാസം അവസാനം നടന്നിരുന്നു. നേരത്തെ ആസൂത്രണം ചെയ്തതു പോലെ കാര്യങ്ങൾ മുന്നോട്ടു പോയാൽ ഈ മാസത്തിൽ തന്നെ സീ ട്രയൽസ് നടന്നേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ബേസിൻ ട്രയൽസിനു ശേഷം നടക്കാൻ പോകുന്ന സീ ട്രയൽസ് വളരെ നിർണായകമാണ്. സീ ട്രയൽസ് ഉൾപ്പെടെ വിജയകരമായി പൂർത്തിയാക്കിയാൽ വിക്രാന്തിന്റെ കമ്മീഷനിങ്ങിനു ശേഷം പുതിയ വിമാനവാഹിനിക്കപ്പലിൽ നിന്നും ഇന്ത്യയുടെ റഫാൽ പോർവിമാനങ്ങളും പറന്നുയരുമെന്നാണ് കരുതുന്നത്.
വിക്രാന്ത് നിർമ്മിച്ചിരിക്കുന്നത് വിവിധ പോർ വിമാനങ്ങൾക്ക് ടേക്ക് ഓഫും ലാൻഡിങും സാധ്യമാകുന്ന രീതിയിലാണ്. അടുത്തവർഷം ആദ്യമോ ഡിസംബർ അവസാനത്തിലോ കപ്പലിന്റെ വിപുലമായ കടൽ പരീക്ഷണങ്ങൾ നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. വിക്രാന്ത് 2021-ന്റെ അവസാനത്തിലോ 2022 -ന്റെ ആരംഭത്തിലോ കമ്മീഷൻ ചെയ്യുകയാണ് ലക്ഷ്യം. ഈ വിമാനവാഹിനി കപ്പലിനു ഒരേസമയം 30 പോർവിമാനങ്ങൾ, പത്തോളം ഹെലികോപ്റ്ററുകൾ എന്നിവ ലാൻഡ് ചെയ്യിക്കാനുള്ള ശേഷിയുണ്ട്.
Discussion about this post