തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ തമിഴ്നാട് തീരത്ത് നിന്നും ഏതാണ്ട് 100 കിലോമീറ്റർ മാത്രം അകലത്തിൽ വീശിയടിക്കുകയാണ് ബുറേവി.
അതേസമയം നേരത്തെ അറിയിച്ചതിൽ നിന്നും വ്യത്യസ്തമായി ബുറേവിയുടെ സഞ്ചാര പഥത്തിൽ ചെറിയ മാറ്റമുണ്ട്. നിലവിൽ ബുറെവി തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് പോകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. ഇതനുസരിച്ച് നെയ്യാറ്റിൻകര താലൂക്കിൽ വലിയ ആശങ്ക വേണ്ടെന്നാണ് പുതിയ അറിയിപ്പ്.
ബുറേവിയുടെ കടന്ന് വരവോടെ തെക്കൻ കേരളത്തിൽ ഇപ്പോഴുള്ള കാലാവസ്ഥയ്ക്ക് മാറ്റം സംഭവിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് രാത്രി മുതൽ ശക്തമായ മഴയും കാറ്റും ഉണ്ടാകും. കേരള തീരങ്ങളിൽ ചുഴലിക്കാറ്റ് ജാഗ്രതയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്ന പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിരിക്കുകയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാനത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചിട്ടുണ്ട്. എൻഡിആർഎഫിന്‍റെ 20 ക്യാമ്പുകൾ തിരുവനന്തപുരം ജില്ലയിൽ തയ്യാറായിട്ടുണ്ട്.
പാമ്പൻ തീരം കടന്ന് നാളെ കേരളത്തിലേക്കെത്തുമ്പോൾ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്. 8 കമ്പനി എൻഡിആർഎഫ് സംഘം നിലവിൽ കേരളത്തിലുണ്ട്. കൊല്ലത്ത് തീരമേഖലക്ക് പുറമേ കൊട്ടാരക്കര, പുനലൂർ, പത്തനാപുരം പ്രദേശങ്ങളും ജാഗ്രതയിലാണ്.
Discussion about this post