തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ഇന്ന് കേരളത്തിലെത്തും. ശക്തി കുറഞ്ഞ അതിതീവ്ര ന്യൂനമർദമായാകും ബുറേവി സംസ്ഥാനത്തു പ്രവേശിക്കുകയെന്നാണ് സൂചനകൾ. ബുറേവി ഉച്ചയോടെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ പ്രഭാവത്തിൽ ഇന്ന് തിരുവനന്തപുരം മുതലുള്ള ഏഴ് ജില്ലകളിൽ അതിശക്തമായ മഴ ഉണ്ടായേക്കും.
ഇപ്പോൾ മാന്നാർ കടലിടുക്കിലാണ് ബുറേവി ചുഴലിക്കാറ്റുള്ളത്. കാലാവസ്ഥാ വിദഗ്ധർ നൽകുന്ന സൂചനകളനുസരിച്ച് ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടാൻ വൈകും. ഇപ്പോഴും രാമനാഥപുരത്തിനു 40 കിലോമീറ്റർ അകലെയാണ് ബുറേവിയുള്ളത്. ഇത് തൂത്തുക്കുടിക്കും രാമനാഥപുരത്തിനുമിടയിൽ കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതേതുടർന്ന് മുൻകരുതലായി തമിഴ്നാട് തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേരളത്തിലെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ കാറ്റിനു സാധ്യതയുണ്ട്.
സംസ്ഥാനത്ത് പുറപ്പെടുവിച്ച റെഡ് അലർട്ട് നേരത്തെ പിൻവലിച്ചിരുന്നു. പകരം, അതിശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.
Discussion about this post