ഡൽഹി: കൊവിഡ് വാക്സിൻ ആഴ്ചകൾക്കുള്ളിൽ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിന്റെ എട്ട് വകഭേദങ്ങൾ വികാസ ദശയിലാണെന്നും ഇവ സജീവ പരിഗണനയിലാണെന്നും സർവ്വകക്ഷി യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
‘നിലവിൽ എട്ട് വാക്സിൻ വകഭേദങ്ങൾ രാജ്യത്ത് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇന്ത്യയുടെ മൂന്നെണ്ണവും തയ്യാറാകുകയാണ്. വാക്സിൻ ഒട്ടും വൈകാതെ ലഭ്യമാകുമെന്നാണ് കരുതുന്നതെന്നാണ് വിദഗ്ധാഭിപ്രായം‘. വീഡിയോ കോൺഫറൻസിംഗിലൂടെ അദ്ദേഹം അറിയിച്ചു.
ഇന്ത്യയുടെ കൊവിഡ് വാക്സിൻ പദ്ധതിയെ ലോകം പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. ശാസ്ത്രജ്ഞരിൽ നിന്ന് അനുമതി ലഭിച്ചു കഴിഞ്ഞാൽ ഒട്ടും അമാന്തമില്ലാതെ വാക്സിൻ ലഭ്യമാക്കാൻ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വാക്സിനേഷന്റെ ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും മുൻഗണനാ വിഭാഗങ്ങൾക്കും ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർക്കും മുതിർന്ന പൗരന്മാർക്കുമാകും പ്രാമുഖ്യം നൽകുക. വാക്സിൻ പരീക്ഷണങ്ങൾ വിജയകരമായി പുരോഗമിക്കുകയാണെന്നും ഏറ്റവും ചിലവ് കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ വാക്സിന് വേണ്ടിയാണ് ലോകം കാത്തിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്സഭയിലെയും രാജ്യസഭയിലെയും വിവിധ കക്ഷിനേതാക്കൾ സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്ളാദ് ജോഷി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ തുടങ്ങിയവരും യോഗത്തിൽ സന്നിഹിതരാണ്.
കൊവിഡ് രോഗവ്യാപനത്തിന് ശേഷമുള്ള രണ്ടാമത്തെ സർവ്വകക്ഷി യോഗമാണിത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം ഏപ്രിലിലായിരുന്നു ആദ്യ യോഗം.
Discussion about this post