ഡൽഹി: ഇന്ത്യൻ കർഷകരെക്കുറിച്ചുള്ള കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെയും ചില മന്ത്രിമാരുടെയും പരാമർശങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്തിയ കാനഡയുടെ നടപടി പ്രതിഷേധാർഹമാണെന്നും ഇത്തരം പ്രവൃത്തികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം കാനഡക്ക് മുന്നറിയിപ്പ് നൽകി.
കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിൽ ആരുടെയും അനാവശ്യ ഇടപെടൽ രാജ്യം അംഗീകരിക്കില്ല. കർഷക സമരങ്ങളെക്കുറിച്ചുള്ള ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തിനെതിരെ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയും പ്രതിഷേധം അറിയിച്ചിരുന്നു. ട്രൂഡോയുടെ പരാമർശങ്ങൾ അനുചിതവും അനാവശ്യവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധങ്ങളുടെ വാര്‍ത്തയാണ് ഇന്ത്യയില്‍ നിന്നും വരുന്നതെന്നും രാജ്യത്തെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്നുമായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം. ചര്‍ച്ചയിലാണ് കാനഡ വിശ്വസിക്കുന്നതെന്നും ജസ്റ്റിന്‍ ട്രൂഡോ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കർഷകരുമായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസങ്ങളിലും ചർച്ച നടത്തിയിരുന്നു. ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലുള്ള കനേഡിയൻ മന്ത്രിമാരുടെ അഭിപ്രായ പ്രകടനങ്ങൾ അനവസരത്തിലുള്ളതാണെന്ന് അന്തരാഷ്ട്ര തലത്തിൽ അഭിപ്രായം ശക്തമാണ്.
Discussion about this post