ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഈ മാസം പത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. മന്ദിര നിർമ്മാണത്തിനുള്ള ഭൂമിപൂജയും അന്നേ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർല അറിയിച്ചിട്ടുണ്ട്.
861.90 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ 21 മാസം കൊണ്ട് പൂർത്തീകരിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ടാറ്റാ പ്രോജക്റ്റിനാണ് നിർമ്മാണ കരാർ. നിലവിലെ പാർലമെന്റ് മന്ദിരത്തോടു ചേർന്നു തന്നെയായിരിക്കും പുതിയ കെട്ടിടം വരിക. പുതിയ മന്ദിരത്തിൽ എല്ലാ എംപിമാർക്കും പ്രത്യേകം ഓഫീസുകളുണ്ടായിരിക്കും. കടലാസ് രഹിത പാർലമെന്റ് എന്ന ലക്ഷ്യത്തോടെ ആധുനിക ഡിജിറ്റൽ സംവിധാനങ്ങളും ഒരുക്കും.
ഇതിനു പുറമെ പുതിയ മന്ദിരത്തിൽ വിശാലമായ കോൺസ്റ്റിറ്റ്യൂഷൻ ഹാൾ, അംഗങ്ങൾക്ക് വേണ്ടി ലോഞ്ച്, വിവിധ സമിതികൾക്കായുള്ള മുറികൾ, ഡൈനിങ് ഹാളുകൾ, പാർക്കിംഗ് സൗകര്യം എന്നിവയും ഉണ്ടായിരിക്കും. നിലവിലെ പാർലമെന്റ് മന്ദിരം രൂപകല്പന ചെയ്തത് ഡൽഹിയുടെ ശില്പികളായ എഡ്വിൻ ല്യൂട്ടണും ഹെർബർട്ട് ബേക്കറും ചേർന്നാണ്. പുതിയ മന്ദിരത്തിലെ പണി പൂർത്തിയാകുന്നതു വരെ പഴയ മന്ദിരം പഴയതു പോലെ പ്രവർത്തിക്കും.
Discussion about this post