തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ പദവി വഹിക്കുന്ന ഉന്നതനായ രാഷ്ട്രീയ നേതാവിനും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് മൊഴി നൽകി സ്വർണക്കടത്തു കേസ് പ്രതി പി.എസ് സരിത്ത്. കസ്റ്റംസിനോടാണ് സരിത്ത് ഇപ്രകാരം വെളിപ്പെടുത്തിയത്. പ്രസ്തുത വ്യക്തിയുമായി തനിക്കും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ സ്വപ്നയും ഇത് സ്ഥിരീകരിച്ചു.
ഡോളർ ആക്കി മാറ്റിയ പണത്തിന് സാമ്പത്തിക ഉറവിടത്തെക്കുറിച്ച് ഇഡി വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ്. സ്രോതസ്സിനോടൊപ്പം ആർക്കൊക്കെ കടത്തിൽ സാമ്പത്തിക പങ്കാളിത്തമുണ്ടെന്നും അന്വേഷിക്കും. ഉന്നതൻ കൈമാറിയ പണം, അത് ഡോളറാക്കി നൽകിയ സ്ഥലം എന്നിവയടക്കമുള്ള വിവരങ്ങൾ സരിത്ത് കസ്റ്റംസിനോട് വെളിപ്പെടുത്തിയെന്നാണ് വിവരം. പ്രശസ്തമായ ഒരു വിദേശ സർവകലാശാലയുടെ ഫ്രാഞ്ചൈസി യു.എ.ഇയിലെ ഷാർജയിൽ തുടങ്ങാനായിരുന്നു നേതാവിന്റെ ഉദ്ദേശമെന്നും സ്വപ്ന മൊഴിനൽകി. ഇന്ത്യൻ രൂപ ഇതിനാണ് ഡോളറാക്കി നൽകിയത്.
ബംഗളൂരുവിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന മലയാളിയാണ് യുഎഇയിലെ തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് നേതാവിനു വേണ്ട സഹായം ചെയ്തു നൽകിയത്. ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരവും സ്വപ്ന കസ്റ്റംസിനു കൈമാറിയിട്ടുണ്ട്.
Discussion about this post