ലണ്ടൻ: ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിനെതിരെ ബ്രിട്ടനിലും അമേരിക്കയിലും മുന്നറിയിപ്പ്. അമേരിക്കയിൽ വാക്സിൻ സ്വീകരിച്ച 4 ആരോഗ്യപ്രവർത്തകർക്ക് ബെൽസ് പാൽസി രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
മുഖത്തെ പേശികൾ താൽകാലികമായി തളർന്നു പോകുന്ന രോഗമാണ് ബെൽസ് പാൽസി. ഇതിനുപുറമെ, ബ്രിട്ടനിൽ വാക്സിൻ സ്വീകരിച്ച 2 ആരോഗ്യ പ്രവർത്തകർക്ക് അലർജി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. വാക്സിനെടുത്ത ശേഷം ഇവർക്ക് ത്വക്കിൽ അസ്വസ്ഥതയും ശ്വാസമുട്ടലുമാണ് അനുഭവപ്പെട്ടത്. ഇരുവരും സ്ഥിരമായി അലർജി പ്രശ്നങ്ങൾ ഉള്ളവരാണ്. ഇതേതുടർന്ന് അലർജി പ്രശ്നങ്ങളുള്ളവർ കോവിഡ് വാക്സിൻ സ്വീകരിക്കരുതെന്ന് ബ്രിട്ടീഷ് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
മാത്രമല്ല, ഇനി മുതൽ വാക്സിൻ സ്വീകരിക്കുന്നവരോട് അലർജിയുണ്ടോയെന്ന് അന്വേഷിക്കാൻ നാഷണൽ ഹെൽത്ത് സർവീസും നിർദേശിച്ചു. അതേസമയം, അലർജി മൂലമുള്ള ഇത്തരം സംഭവങ്ങൾ ഏതു വാക്സിനിലും സാധാരണമാണെന്ന് വ്യക്തമാക്കി വിദഗ്ധർ രംഗത്തു വന്നിരുന്നു.
Discussion about this post