ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളി സുപ്രീംകോടതി. അനാവശ്യമായി ജഡ്ജിക്കെതിരെ ആക്ഷേപം ഉന്നയിക്കരുതെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.
അതേസമയം, പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാൻ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. കേസിൽ വിചാരണ കോടതി മാറ്റണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടർന്നാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് അറിയിച്ചതിനെതുടർന്ന് നടപടികൾ വിചാരണക്കോടതി നിർത്തി വെച്ചിരിക്കുകയാണ്.
വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നായിരുന്നു പ്രോസിക്യൂഷന്റെ പരാതി. എന്നാൽ, പ്രോസിക്യൂഷനും കോടതിയും സഹകരിച്ചു പോകണമെന്ന് ചൂണ്ടിക്കാട്ടി ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. കേസിൽ വിചാരണക്കോടതി മാറ്റേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും മതിയായ കാരണമില്ലാതെ കോടതി മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും അഭിപ്രായപ്പെട്ടാണ് കേസിൽ അന്ന് ഹൈക്കോടതി തീർപ്പുകല്പിച്ചത്.
സർക്കാരിന്റെ ഹർജിക്കെതിരെ നടൻ ദിലീപ് കോടതിയിൽ തന്റെ വാദം കേൾക്കാതെ വിധി പറയരുതെന്ന് ആവശ്യപ്പെട്ട് തടസ്സ ഹർജി ഫയൽ ചെയ്തിരുന്നു.
Discussion about this post