മധ്യപ്രദേശ്: ഇടനിലക്കാരെ ഒഴിവാക്കാൻ കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ നടപ്പിലാക്കിയതോടെ സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 30 വർഷം മുമ്പ് വരേണ്ട മാറ്റങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രതിപക്ഷം കള്ളം പ്രചരിപ്പിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മധ്യപ്രദേശിലെ കർഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. “എല്ലാ കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് ഉറപ്പാക്കി. ഇന്ത്യയിലെ കർഷകർക്ക് ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കണം. അതിനുള്ള തടസ്സങ്ങൾ അംഗീകരിക്കാനാകില്ല. കാർഷിക നിയമങ്ങൾ ഒറ്റരാത്രികൊണ്ട് അവതരിപ്പിച്ചതല്ല. കഴിഞ്ഞ 20-30 വർഷങ്ങളായി കേന്ദ്ര-സംസ്ഥാന സർക്കാർ ഈ പരിഷ്ക്കാരങ്ങളെ കുറിച്ച് വിശദമായ ചർച്ചകൾ നടത്തുകയാണ്. കാർഷിക വിദഗ്ധരും, സാമ്പത്തിക വിദഗ്ധരും പുരോഗമന കർഷകരും കാർഷികരംഗത്ത് പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ട്”-പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
23,000 ഗ്രാമങ്ങളിലെ കർഷകരാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ നടന്ന വെർച്വൽ സമ്മേളനത്തിൽ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി കാർഷിക നിയമങ്ങളുടെ പ്രയോജനങ്ങൾ സമ്മേളനത്തിൽ വിശദീകരിച്ചു.
Discussion about this post