കൊച്ചി: മറൈൻ ഡ്രൈവിലെ എപിജെ അബ്ദുൽ കലാമിന്റെ പ്രതിമ പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച് മലയാളികളുടെ കയ്യടി നേടിയ ശിവദാസൻ കൊല്ലപ്പെട്ടു. സംഭവത്തിൽ പറവൂർ ഏഴിക്കര സ്വദേശി രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശിവദാസൻ പ്രശസ്തനായതിലുള്ള അസൂയയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ശിവദാസനെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിലെ അസ്വാഭാവിക മുറിവുകൾ പരിശോധനയിൽ കണ്ടതിനെ തുടർന്ന് ശിവദാസന്റേത് കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് എത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വടി എന്നറിയപ്പെടുന്ന രാജേഷ് അറസ്റ്റിലായത്. ഭിന്നശേഷിക്കാരനായ ഇയാളും സംഘവുമാണ് മറൈൻ ഡ്രൈവിൽ പല സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നത്.
ശിവദാസൻ വാർത്തകളിലൂടെ പ്രശസ്തനായതോടെ ഇദ്ദേഹത്തെ പലരും അന്വേഷിച്ചെത്തുകയും സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതിൽ അസൂയപൂണ്ട പ്രതി പലപ്പോഴും മദ്യപിച്ചെത്തി ശിവദാസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യാറുണ്ട്. ഈ മാസം 15ന് രാത്രി മദ്യപിച്ചെത്തിയ രാജേഷ് പതിവുപോലെ ശിവദാസനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് ശിവദാസന്റെ നെഞ്ചിൽ ശക്തിയായി ചവിട്ടിയതോടെ മുൻ വാരിയെല്ലുകൾ ഒടിഞ്ഞതാണ് മരണ കാരണമായത്.
Discussion about this post