വാഷിങ്ടൺ : ചൈനയിലെ വുഹാനിൽ നിന്നുത്ഭവിച്ച കോവിഡ് വൈറസുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ അന്വേഷണങ്ങളെ ചൈന തടസ്സപ്പെടുത്തുകയാണെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇത്തരത്തിലൊരു പ്രസ്താവനയുമായി രംഗത്തു വന്നിട്ടുള്ളത്.
അന്താരാഷ്ട്ര സമൂഹത്തിന് കോവിഡ് വൈറസിന്റെ വ്യാപനത്തെ കുറിച്ച് ചൈനയിൽ നിന്നും സുതാര്യത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, രോഗം പടർന്ന് ഒരു വർഷത്തിനുശേഷം സംശയാസ്പദമായ വാക്സിനുകൾ ചൈന പുറത്തിറക്കുന്നുവെന്ന് മൈക്ക് പോംപിയോ ചൂണ്ടിക്കാട്ടി. ” കോവിഡ് മഹാമാരിയെത്തി ഒരു വർഷത്തിനു ശേഷവും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വൈറസിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇതിനുപുറമെ, ലോകാരോഗ്യസംഘടനയുടെ അന്വേഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു”-അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യമാണ് അമേരിക്ക. അമേരിക്കയിൽ ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തത് 1,74,42,100 പേർക്കാണ്. ഇതിൽ മൂന്ന് ലക്ഷത്തിലുമധികം ആളുകളുടെ ജീവൻ കോവിഡ് അപഹരിച്ചു.












