തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസ് അട്ടിമറിക്കാൻ പ്രതികൾ പണം വാരിയെറിഞ്ഞ് നടത്തിയ നാണം കെട്ട നീക്കങ്ങൾ കോടതിയിൽ അക്കമിട്ട് പൊളിച്ചടുക്കി സിബിഐ. കൊലക്കേസില്‍ പ്രതിയായ സിസ്റ്റര്‍ സെഫി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വൈദ്യശാസ്ത്രത്തിന്റെയും സഹായം തേടിയിരുന്നു. താന്‍ കന്യകയാണെന്ന് സ്ഥാപിക്കാനാണ് സിസ്റ്റര്‍ സെഫി കന്യാചര്‍മം കൃത്രിമമായി വെച്ചുപിടിപ്പിക്കുന്ന ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇക്കാര്യം അന്വേഷണ സംഘം വൈദ്യ പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു.
കൊലക്കേസിൽ 2008 നവംബറില്‍ സിസ്റ്റര്‍ സെഫിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്. അന്ന് നടത്തിയ പരിശോധനയില്‍ സിസ്റ്റര്‍ സെഫി ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയതായി തെളിഞ്ഞുവെന്ന് പൊലീസ് സർജനും മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സിബിഐ കോടതിയിൽ മൊഴി നൽകിയിരുന്നു. ഇതും കേസിൽ നിർണ്ണായകമായി.
തെളിവുകൾ ഇഴ കീറി പരിശോധിച്ച ശേഷം, അഭയ കൊലക്കേസിൽ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു. ഇരുവർക്കുമെതിരെ കൊലക്കുറ്റം തെളിഞ്ഞെന്ന് വ്യക്തമാക്കിയ കോടതി ശിക്ഷ നാളെ വിധിക്കും.
Discussion about this post