തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കർഷക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനുള്ള നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണ്ണറെ അനുനയിപ്പിക്കാൻ മന്ത്രിമാർ അദ്ദേഹത്തെ നേരിട്ട് കണ്ടു. ക്രിസ്മസ് കേക്കുമായിട്ടാണ് മന്ത്രിമാർ ഗവർണറെ കണ്ടത്. നിയമമന്ത്രി എകെ ബാലൻ, കൃഷി മന്ത്രി വിഎസ് സുനിൽകുമാർ എന്നിവരാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.
എന്നാൽ സർക്കാർ നടപടികളിലെ അതൃപ്‌തി ഗവർണർ മന്ത്രിമാരെ അറിയിച്ചു. പ്രത്യേക സഭ സമ്മേളനത്തിന്റെ അടിയന്തിര പ്രധാന്യം ഗവർണ്ണറെ ബോധ്യപ്പെടുത്താൻ ഇന്നും മന്ത്രിമാർക്ക് സാധിച്ചില്ല. പൊലീസ് നിയമ ഭേദഗതി, തദ്ദേശ വാർഡ് വിഭജനം എന്നിവ ഓർഡിനൻസ് ഇറക്കി പിൻവലിക്കേണ്ടി വന്നത് ഗവർണ്ണർ ഓർമ്മിപ്പിച്ചു.
കാർഷിക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിന് ഈ മാസം 31 നു പ്രത്യേക നിയമ സഭാ സമ്മേളനം വിളിക്കണം എന്ന സർക്കാരിന്റെ ശുപാർശയിൽ ഗവർണറുടെ തീരുമാനം നിർണ്ണായകമാണ്. ജനുവരിയിൽ ചേരുന്ന സമ്മേളനത്തിൽ ചർച്ച പോരെ എന്ന നിലപാടാണ് ഗവർണ്ണർ ഇതു വരെ സ്വീകരിച്ചിരിക്കുന്നത്. ഗവർണർ അനുമതി വീണ്ടും നിഷേധിച്ചാൽ സർക്കാരിന് അത് കനത്ത തിരിച്ചടിയാകും.
Discussion about this post