ഡൽഹി: കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിവരുന്ന ചർച്ചകൾ ശുഭസൂചനകളിലേക്കെന്ന് റിപ്പോർട്ട്. കർഷക സംഘടനകളുടെ ആശങ്കകൾ കേട്ടുവെന്നും അവർ ഉന്നയിച്ച നാലിൽ രണ്ട് വിഷയങ്ങളിലും സമവായത്തിൽ എത്തിയതായും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു. ഡൽഹിയിൽ കർഷക സംഘടനകളുമായി നടന്ന ആറാം വട്ട ചർച്ചകൾക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചർച്ചകൾ ഫലപ്രദമായി പുരോഗമിക്കുകയാണെന്നും അടുത്ത ചർച്ച ജനുവരി 4ന് നടക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഇന്നത്തെ ചർച്ചകൾ വളരെ നല്ല അന്തരീക്ഷത്തിലാണ് നടന്നത്. അതിന്റെ അന്ത്യവും ശുഭസൂചകമായിരുന്നു. ഡൽഹിയിൽ വർദ്ധിച്ചു വരുന്ന തണുപ്പ് കണക്കിലെടുത്ത് മുതിർന്നവരെയും സ്ത്രീകളെയും കുട്ടികളെയും സമരമുഖത്ത് നിന്നും നാട്ടിലെത്തിക്കാൻ നേതാക്കളോട് അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം ചില മുന്നേറ്റങ്ങൾ ഉണ്ടായതായും എം എസ് പി വിഷയം ഇനിയും പരിഹരിക്കപ്പെട്ടില്ലെന്നും കർഷക സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. മാലിന്യ സംസ്കരണം, വൈദ്യുതി വിതരണ ഭേദഗതി എന്നിവ പുനപരിശോധിക്കാമെന്ന് സർക്കാർ കർഷകർക്ക് ഉറപ്പ് നൽകി. ചർച്ചകളിൽ കൂടുതൽ കേന്ദ്ര മന്ത്രിമാരുടെ പ്രാതിനിധ്യം കർഷക സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ അടുത്ത ചർച്ചയിൽ ഇത് ഉറപ്പ് നൽകി. കർഷക പ്രശ്നങ്ങൾ പരിഹരിക്കാൻ സമിതിയെ നിയോഗിക്കുമെന്നും എം എസ് പിയുടെ സാധുത പരിശോധിക്കുന്നത് പരിഗണിക്കുമെന്നും കേന്ദ്ര സർക്കാർ സമരസമിതി നേതാക്കൾക്ക് ഉറപ്പ് നൽകി.
Discussion about this post