ഭോപ്പാല്‍ : പാര്‍ലമെന്റ് തടസ്സപ്പെടുത്തി ബിജെപി സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭാസ്തംഭനം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് സഹകരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് അതിന് തയാറാവുന്നില്ല. ജനങ്ങള്‍ പരാജയപ്പെടുത്തിയവര്‍ അതു മനസ്സിലാക്കി സര്‍ക്കാരിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയാറാവണമെന്നും മോദി ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ജനങ്ങളുടെ സ്വപ്നങ്ങള്‍ സഫലമാക്കുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. അതിനിടയില്‍ എന്തു പ്രശ്നങ്ങള്‍ ഉണ്ടായാലും അവയ്ക്ക് പരിഹാരം കണ്ടെത്തും. പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനുവേണ്ടിയാണ് മുദ്ര ബാങ്കുകള്‍ തുറന്നത്. ഇതിലൂടെ അവര്‍ക്ക് 10,000 മുതല്‍ 50,000 വരെ ലോണ്‍ ലഭിക്കുന്നു. ശൂന്യമായ അക്കൗണ്ടുകള്‍ തുറന്നതിലൂടെ എന്തു നേട്ടമാണുള്ളതെന്ന് നിങ്ങളെന്നോട് ചോദിച്ചു. ഞാനിപ്പോള്‍ പറയുകയാണ് അതുവഴി ഗ്യാസ് സിലിണ്ടറുകളുടെ സബ്സിഡി നേരിട്ട് നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് എന്നും മോദി വ്യക്തമാക്കി.
ബിെജപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വീണ് വാക്കുകളാണെന്ന സോണിയ ഗാന്ധിയുടെ പരാമര്‍ശത്തിനും മോദി മറുപടി നല്കി. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് ഭയപ്പെടുന്നവരാണ് അങ്ങനെ പറയുന്നത്. അടുത്തുകൊണ്ടിരിക്കുന്ന അപകടത്തില്‍ അവര്‍ ഭയപ്പെടുന്നുണ്ട്. ഒരിക്കല്‍ 400 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ 40 സീറ്റിലെത്തിയിരിക്കുകയാണ്. ജനങ്ങള്‍ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞുവെന്നാണ് ഇതിനര്‍ഥം. രാജ്യത്തെ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് തയാറാവുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.
ഞങ്ങളൊരിക്കലും മറ്റുള്ളവരെ വിമര്‍ശിച്ചിട്ടില്ല. സ്വന്തം തെറ്റുകള്‍ തിരുത്താനാണ് നോക്കാറുള്ളത്. അതിനാലാണ് ജനങ്ങള്‍ ഭൂരിപക്ഷത്തോടെ ബിജെപിയെ അധികാരത്തിലേറ്റിയതെന്ന് മോദി പറഞ്ഞു. തൊഴിലാളികളുടെ പാര്‍ട്ടിയാണ് ബിജെപി. ജനങ്ങളുടെ കണ്ണിനു മുന്നില്‍ സത്യസന്ധമായും ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തിക്കുന്നവരെ അവര്‍ കൈവിടില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയൊരു വിജയം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും മോദി അഭിപ്രായപ്പെട്ടു.
Discussion about this post