തിരുവനന്തപുരം: ഓൺലൈൻ റമ്മിയിൽ പണം നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി വിനീത് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇയാൾ ഐ എസ് ആർ ഓയിലെ കരാർ ജീവനക്കാരനാണ്.
ഡിസംബർ 31-ാം തീയതിയാണ് വിനീതിനെ വീടിന് സമീപത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വർഷമായി വിനീത് പതിവായി ഓൺലൈൻ റമ്മി കളിക്കാറുണ്ടായിരുന്നു. ലോക്ക്ഡൗൺ സമയത്ത് വലിയ തുകയ്ക്കാണ് റമ്മി കളിച്ചത്. തുടർന്ന് 12 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായി. ഈ ബാധ്യത ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് തീർത്തെങ്കിലും വിനീത് വീണ്ടും ഓൺലൈൻ റമ്മി കളി തുടരുകയായിരുന്നു. നിലവിൽ 20 ലക്ഷത്തോളം രൂപയുടെ കടബാധ്യത വിനീതിനുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.
നേരത്തെ സാമ്പത്തികബാധ്യത രൂക്ഷമായതോടെ വീട് വിട്ടിറങ്ങിയ യുവാവിനെ പൊലീസ് കണ്ടെത്തി തിരികെ എത്തിച്ചിരുന്നു.












