തൃശൂർ: മുടിവളരുമെന്ന പരസ്യവാചകം വിശ്വസിച്ച് ഹെയർ ഓയിൽ വാങ്ങി ഉപയോഗിച്ചിട്ട് ഫലം കണ്ടില്ല. കമ്പനിക്കും പരസ്യത്തിൽ അഭിനയിച്ച നടനുമെതിരെ കോടതിയെ സമീപിച്ച ഉപഭോക്താവിന് അനുകൂല വിധിയുമായി കോടതി. ധാത്രി ആയുർവേദ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം ഡിക്കും ബ്രാൻഡ അംബാസിഡർ അനൂപ് മേനോനുമാണ് കോടതിയിൽ നിന്നും തിരിച്ചടിയേറ്റത്. ഫ്രാൻസിസ് വടക്കൻ എന്നയാൾ നൽകിയ പരാതിയിലാണ് തൃശൂർ ജില്ലാ ഉപഭോക്തൃ പരാതി പരിഹാര കമ്മീഷന്റെ ഉത്തരവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
വിവിധ ഉത്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡർമാരായി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചലച്ചിത്ര- കായിക താരങ്ങൾക്ക് തിരിച്ചടിയാകാൻ സാദ്ധ്യതയുള്ളതാണ് ഈ വിധി. പരസ്യം നൽകുന്ന ഉത്പന്നത്തിന്റെ ഗുണമേന്മയും വിശ്വാസ്യതയും ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം താരങ്ങൾക്കുണ്ടെന്ന് ഉപഭോക്താവിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് കെ ഡി ബെന്നി വാദിച്ചു.
ഉപഭോക്താവിന് നടനും കമ്പനിയും ചേർന്ന് പതിനായിരം രൂപ വീതമാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഉപഭോക്താവ് ഹെയർ ഓയിൽ വാങ്ങിയ ഏ വൺ മെഡിക്കൽ ഷോപ്പ് ഉടമയോട് മൂവായിരം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവായി.
Discussion about this post