കൊട്ടാരക്കര: കൊട്ടാരക്കര നെല്ലിക്കുന്നത്ത് സേവാഭാരതി ഗ്രാമവൈഭവം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പ്രകൃതി സൗഹൃദ ഇരിപ്പിടങ്ങൾ അടിച്ചു തകർത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സേവാഭാരതി പ്രവർത്തകർ മുള കൊണ്ട് നിർമ്മിച്ച മനോഹരമായ ഇരിപ്പിടങ്ങളാണ് ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധരെ നാണിപ്പിക്കും വിധം പൊലീസ് അടിച്ചു തകർത്തത്.
പുതുവത്സര തലേന്ന് പരിശോധനക്കെന്ന പേരിൽ എത്തിയ പൊലീസാണ് രണ്ട് ഇരിപ്പിടങ്ങൾ തല്ലി തകർത്തതും ഒരെണ്ണം തോട്ടിൽ വലിച്ചെറിഞ്ഞതും. നെല്ലിക്കുന്നം കോരുതുവിള ഏലാ റോഡിലൂടെ നടന്നു വരുന്ന ഗ്രാമവാസികൾക്ക് ഏറെ അനുഗ്രഹമായിരുന്നു തണൽ മരങ്ങൾക്കും ജലാശയത്തിനും സമീപത്തായി സ്ഥാപിച്ചിരുന്ന ഇരിപ്പിടങ്ങൾ. സമീപത്തെ ജലാശയത്തിൽ ആമ്പൽപ്പൂക്കൾ പൂത്തു നിൽക്കുന്ന കാഴ്ച വൈകുന്നേരങ്ങളിൽ ഇവിടേക്ക് പ്രാദേശിക സഞ്ചാരികളെയും ആകർഷിച്ചിരുന്നു.
ഗ്രാമവൈഭവം പദ്ധതിയുടെ ഭാഗമായി നാലായിരത്തോളം വൃക്ഷത്തൈകളാണ് ഉമ്മന്നൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവാഭാരതി പ്രവർത്തകർ വെച്ചു പിടിപ്പിച്ചത്. പൊലീസിന്റെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് സേവാഭാരതി പരാതി നൽകി. പൊലീസിലെ സാമൂഹിക വിരുദ്ധന്മാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് സേവാഭാരതി പ്രവർത്തകർ ആവശ്യപ്പെട്ടു.
പൊലീസിന്റെ ഇത്തരം അതിക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ എൻ എൻ മുരളി പറഞ്ഞു. പൊലീസിന്റെ ഈ പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണെന്നും ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ബിജെപി അറിയിച്ചു.
Discussion about this post