മുംബൈ: വീട്ടമ്മമാർക്ക് മാസശമ്പളം എന്ന കമൽഹാസന്റെയും ശശി തരൂരിന്റെയും ആശയത്തിനെതിരെ ശക്തമായ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ‘വീട്ടമ്മ‘ എന്നത് ശമ്പളം വാങ്ങുന്ന ഒരു തൊഴിൽ മേഖലയാക്കണം എന്ന മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസന്റെ ആശയത്തെ കോൺഗ്രസ് നേതാവ് ശശി തരൂർ പിന്തുണച്ചിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ടാണ് കങ്കണ രംഗത്തെത്തിയത്.
കമലിന്റെയും തരൂരിന്റെയും അഭിപ്രായങ്ങൾ ഭാഗികമായി വേദനാജനകവും ഭാഗികമായി പരിഹാസ്യവും എന്നായിരുന്നു കങ്കണ അഭിപ്രായപ്പെട്ടത്. തങ്ങളുടെ കുടുംബം എന്ന കൊച്ചു സാമ്രാജ്യത്തിലെ റാണിയാണ് ഓരോ സ്ത്രീയും. അവർക്ക് ആ സ്വത്വബോധവും ആദരവുമാണ് ആവശ്യം. അതിന് പണം നൽകുക എന്ന് പറയുന്നത് തരം താഴ്ത്തലാണെന്നും കങ്കണ ട്വിറ്ററിൽ അഭിപ്രായപ്പെട്ടു.
അമ്മമാരുടെ ത്യാഗത്തിന് വിലയിടുന്നത് ഏറ്റവും അപമാനകരമാണ്. അത് സൃഷ്ടാവായ ദൈവത്തെ വിൽപ്പനയ്ക്ക് വെക്കുന്നത് പോലെയാണ്. ഭാര്യമാരുടെ ലൈംഗികതയ്ക്ക് വിലയിടുന്നത് നിന്ദ്യവും അപരിഷ്കൃതവുമാണ്. നിങ്ങൾ സ്ത്രീകൾക്ക് ശമ്പളമോ അമിത സ്നേഹമോ ബഹുമാനമോ പരിഗണനയോ ഒന്നും നൽകേണ്ടതില്ല. അവരെ അവരായി നിലനിൽക്കാൻ അനുവദിക്കുക മാത്രം ചെയ്താൽ മതിയെന്നും കങ്കണ ട്വീറ്റ് ചെയ്തു.
Discussion about this post