ബീജിംഗ്: ചൈനയിലെ വുഹാനില്‍ ആവിര്‍ഭവിച്ച് ലോകം മുഴുവന്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് രോഗത്തില്‍ പതിനെട്ട് ലക്ഷം പേര്‍ ഇതുവരെ മരണമടഞ്ഞു. രോഗത്തിന്റെ ഉത്പത്തിയെ കുറിച്ച് പഠിക്കാന്‍ ലോകാരോഗ്യ സംഘടന വുഹാനിലേക്ക് അയക്കാനൊരുങ്ങിയ വിദഗ്‌ദ്ധ സംഘത്തിന് അനുമതി നിഷേധിച്ചിരിക്കുകയാണ് ചൈനീസ് ഭരണകൂടം. ഇന്നായിരുന്നു ലോകാരോഗ്യ സംഘടനയിലെ പത്തംഗ സംഘം ചൈനയില്‍ എത്തേണ്ടിയിരുന്നത്. തങ്ങള്‍ കൊവിഡ് രോഗത്തെ തടയാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ചൈനീസ് ഭരണകൂടം അഭിപ്രായപ്പെട്ടു.
എന്നാല്‍ നാളിതുവരെ ചൈന കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് സ്വതന്ത്രമായ ഒരു അന്വേഷണം തടത്താന്‍ അനുവദിച്ചിട്ടില്ല.2019 അവസാനമാണ് വുഹാനില്‍ ലോകത്തെ ആദ്യ കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ മതിയായ രീതിയില്‍ സ്ഥിതി നിയന്ത്രിക്കാത്തതിനാല്‍ രോഗം ചൈന വിട്ട് പുറത്തേക്ക് അതിവേഗം പടര്‍ന്നു. അതുകൊണ്ട് തന്നെ ചൈനയുടെ ബദ്ധവൈരിയായ അമേരിക്ക ഇതിന് ചൈനയെ കുറ്റപ്പെടുത്തി. ചൈനീസ് വൈറസ് എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡിനെ വിശേഷിപ്പിച്ചത്.
അതേസമയം അന്വേഷണം ആരംഭിക്കും മുന്‍പ് അവസാന നിമിഷം തടഞ്ഞത് തന്നെ നിരാശപ്പെടുത്തിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം ഗബ്രിയേസസ് അഭിപ്രായപ്പെട്ടു.മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് എങ്ങനെ കൊവിഡ് പടര്‍ന്നു എന്നത് കണ്ടെത്താനായിരുന്നു ലോകാരോഗ്യ സംഘടന ചൈനീസ് സന്ദര്‍ശനത്തിലൂടെ ഉദ്ദേശിച്ചിരുന്നത്.അനുമതി ലഭിക്കാത്തത് വിസയുമായി ബന്ധമുളള പ്രശ്‌നങ്ങളാണെന്ന് കരുതുന്നെന്നും അവസാന നിമിഷം അനുമതി ലഭിക്കുമെന്ന് കരുതുന്നതായും ലോകാരോഗ്യസംഘടന അത്യാഹിതവിഭാഗം അദ്ധ്യക്ഷന്‍ മൈക്കല്‍ റയാന്‍ അഭിപ്രായപ്പെട്ടു.
read also: വിവിധ സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന ലൗഹാദ് നിയമങ്ങള്‍ സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു സുപ്രീം കോടതി
ശാസ്‌ത്രജ്ഞര്‍ ആദ്യം കരുതിയിരുന്നത് വുഹാനിലെ ചന്തയില്‍ നിന്നാകാം വൈറസ് മനുഷ്യനിലേക്ക് പടര്‍ന്നത് എന്നാണ്. പക്ഷെ പിന്നീട് മറ്റേതോ സ്ഥലത്ത് നിന്നാകും രോഗം പകര്‍ന്നതെന്ന് ശാസ്‌ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. വവ്വാലില്‍ നിന്നാണ് രോഗം മനുഷ്യരിലെത്തിയത് എന്ന് കരുതപ്പെടുന്നു. എന്നാല്‍ വവ്വാലില്‍ നിന്ന് മറ്റേതോ മൃഗം വഴിയാണ് വൈറസ് മനുഷ്യനിലെത്തിയത്. ഏത് മൃഗമെന്ന് ഇതുവരെ കണ്ടെത്താന്‍ ശാസ്‌ത്രജ്ഞര്‍ക്കായിട്ടില്ല.
Discussion about this post