തിരുവനന്തപുരം: സി.എ.ജി. റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിന് നിയമസഭാസമിതിയുടെ ക്ലീന്‍ ചിറ്റ്. തോമസ് ഐസക്ക് നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് നിയമസഭാസമിതിയുടെ പ്രാഥമിക വിലയിരുത്തല്‍. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സമിതി ബുധനാഴ്ച വീണ്ടും യോഗം ചേരും. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സമിതിയാണ് വിഷയം പരിഗണിച്ചത്. സമിതിയിലെ അംഗങ്ങളില്‍ ഭൂരിഭാഗവും എല്‍.ഡി.എഫ്. അംഗങ്ങളാണ്.
മൊഴികളും തെളിവും എത്തിക്‌സ് കമ്മിറ്റി പരിശോധിച്ചു. റിപ്പോര്‍ട്ട് തയാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 13ന് അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. സഭയില്‍ വയ്ക്കും മുന്‍പ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി.ഡി സതീശന്റെ പരാതി. വി.ഡി സതീശന്‍ എത്തിക്സ് കമ്മറ്റിക്ക് മുമ്പാകെ ഐസക്കിനെതിരേ ഇത് സംബന്ധിച്ച് തെളിവ് നല്‍കിയിരുന്നു. അതീവരഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി.
ഇതുമായി ബന്ധപ്പെട്ട് ചാനലുകളിലടക്കം നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു. സഭാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ചട്ട ലംഘനവുമാണിതെന്നുമായിരുന്നു ആരോപണം. നിയമസഭയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കിഫ്ബി പോലൊരു സ്ഥാപനത്തിനെതിരെ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സി.എ.ജിക്ക് അവകാശമില്ല. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സി.എ.ജിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഇതിനെയെല്ലാം പ്രതിരോധിക്കുക, ഇത് ജനങ്ങളെ അറിയിക്കുക, സംസ്ഥാനത്തിന്റെ താല്‍പര്യപ്രകാരം നില്‍ക്കുക എന്നുള്ളതായിരുന്നു തന്റെ ലക്ഷ്യമെന്നും തോമസ് ഐസക്ക് സമിതിക്കു മുന്‍പാകെ അറിയിച്ചു. ഇത് അവകാശലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഈ വാദത്തെ സമിതി അംഗീകരിക്കുകയായിരുന്നു.
Discussion about this post