ചെന്നൈ: ആപ്പുകൾ വഴി ഓൺലൈൻ വായ്പ നൽകി കടക്കെണിയിലാക്കി കുരുക്കുന്നവർക്കെതിരെ നടപടി ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചൈനീസ് പൗരന്മാരും ഐടി കമ്പനി ഉടമസ്ഥരുമടക്കം നിരവധി പേർ അറസ്റ്റിലായി. തട്ടിപ്പ് നടത്തിയ എട്ട് ആപ്പുകൾക്കെതിരെയും നടപടി ഉണ്ടാകും.
ചൈനീസ് പൗരന്മാരായ ഷിയാവോ യാമോ, ഷിവൂ യുന്‍ലു, ആപ്പ് നടത്തിപ്പുകാരായ ബെംഗളൂരു സ്വദേശികളായ പ്രമോദ്, സി പി പവൻ എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇവരെ കൂടാതെ എസ്.മനോജ് കുമാര്‍, എസ്.കെ.മുത്തുകുമാര്‍, പ്രമുഖ മൊബൈല്‍ കമ്പനിയുടെ മാനേജര്‍ സിജാഹുദ്ദീന്‍, വിതരണക്കാരൻ ജഗദീഷ് എന്നിവരെയാണു ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഇന്ന് അറസ്റ്റ് ചെയ്തത്.
മൈ ക്യാഷ്, ഒറോറ ലോണ്‍, ക്വിക്ക് ലോണ്‍, ഡിമണി, റാപ്പിഡ് ലോണ്‍, ഈസി ക്യാഷ്, ന്യൂ റൂപ്പി തുടങ്ങി എട്ട് ലോൺ ആപ്പുകൾക്കെതിരെയും നടപടിയുണ്ടാകും. കേരളത്തില്‍നിന്നടക്കം വന്‍തോതില്‍ ഇത്തരത്തിൽ പണം കവർന്നതായാണ് കണ്ടെത്തൽ.
തട്ടിപ്പ് സംഘത്തിന് രേഖകളില്ലാതെ ആയിരത്തിലധികം സിം കാര്‍ഡുകള്‍ നല്‍കിയതിനാണ് മൊബൈല്‍ കമ്പനി ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ലോണ്‍ എടുത്തവരെ ഭീഷണിപ്പെടുത്തുന്നതിനായി സംഘം 110 ജീവനക്കാരുള്ള കോള്‍ സെന്ററും നടത്തിയിരുന്നു. ഇവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
ചൈനീസ് പൗരന്‍മാര്‍ക്ക് ചൈനയില്‍നിന്നു നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായും ഇതിനെ കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചതായും തമിഴ്നാട് പൊലീസ് അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേർ പിടിയിലാകുമെന്നാണു സൂചന. 5000 രൂപ വായ്പയെടുത്ത് നാലര ലക്ഷം രൂപയുടെ കടക്കാരനായ ചെന്നൈ സ്വദേശിയുടെ അനുഭവം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. കടബാധ്യതയുടെ പേരിൽ കഴിഞ്ഞയാഴ്ച കേരളത്തിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലും ഇത്തരം സംഘങ്ങൾക്ക് പങ്കുള്ളതായി സംശയിക്കുന്നുണ്ട്.
Discussion about this post