വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. അധികാരമൊഴിയാന്‍ പത്ത് ദിവസം ശേഷിക്കെയാണ് സ്പീക്കര്‍ നാന്‍സി പെലോസി ഇംപീച്ച്‌മെന്റിന് അനുമതി നല്‍കിയത്. ട്രംപ് രാജി വച്ച് സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇംപീച്ച്‌മെന്റ് പ്രമേയത്തിന് അനുമതി നല്‍കിയതായി സ്പീക്കര്‍. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് പ്രമേയം അവതരിപ്പിക്കുക.
അതേസമയം കാപ്പിറ്റോള്‍ ഹില്‍സിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരില്‍ ഉത്തരവാദിയെന്നു പ്രതിപക്ഷം ആരോപിക്കുന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തോടു പ്രതികരിക്കാതെ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ്. അതിനിടെ ജോ ബൈഡന്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. 150 വര്‍ഷത്തിനിടയില്‍ ഒരു പ്രസിഡന്റും ചടങ്ങ് ബഹിഷ്‌കരിച്ചിട്ടില്ല. താന്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് അറിയിച്ചു.
സെനറ്റ് മൈനോറട്ടി ലീഡര്‍ ചക്ക് ഷുമ്മര്‍, സ്പീക്കര്‍ നാന്‍സി പെലോസി എന്നിവരാണ് പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്യുന്ന ഭരണഘടനാ സാധ്യതകളെ കുറിച്ച് മൈക്ക് പെന്‍സുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ 25 മിനിട്ട് ഹോള്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ലഭിച്ച മറുപടി വൈസ് പ്രസിഡന്‍റിന് ഫോണില്‍ വരാന്‍ താല്‍പര്യമില്ലായെന്നായിരുന്നുവെന്നാണ്.
വൈസ് പ്രസിഡന്‍റും ക്യാബിനറ്റും ഭരണഘടനയുടെ 25-ാം അമന്‍റ്മെന്റ് ഉപയോഗിക്കുന്നതിന് തയാറാകുന്നില്ലെങ്കില്‍ യുഎസ് കോണ്‍ഗ്രസ് വിളിച്ചുകൂട്ടി പ്രസിഡന്‍റിനെ ഉടന്‍ ഇംപീച്ച് ചെയ്യുന്ന പ്രമേയം പാസാക്കേണ്ടിവരുമെന്ന് ചക്ക് ഷൂമ്മര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post