കടയ്ക്കാവൂര്‍ പോക്സോ കേസിന്റെ നിജസ്ഥിതി ശിശുക്ഷേമസമിതിയും അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി. കേസും കെട്ടിച്ചമച്ച പരാതിയെന്ന ആരോപണവും ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഭര്‍ത്താവിന്റെ രണ്ടാംവിവാഹത്തെ എതിര്‍ത്തതും ജീവനാംശത്തിനായി പരാതി നല്‍കിയതുമാണ് മകനെ ഉപയോഗിച്ച് പീഡനപരാതി കെട്ടിച്ചമച്ചതിന് കാരണമെന്ന് അറസ്റ്റിലായ യുവതിയുടെ മാതാപിതാക്കള്‍ പറയുന്നു.
ജ്യേഷ്ഠനെ ഭീഷണിപ്പെടുത്തിയാണ് അമ്മയ്ക്കെതിരെ മൊഴി നല്‍കിച്ചതെന്ന് ഇളയ കുട്ടി പറഞ്ഞത്. അതേസമയം കടയ്ക്കാവൂരില്‍ അമ്മയെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതി കള്ളമെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംഭവം മുഴുവനും ഐ ജി അന്വേഷിക്കും. സംഭവം ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ആരോപണ വിധേയയായ യുവതിയെ ഭര്‍ത്താവ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്ന ആരോപണമാണ് ഐജി അന്വേഷിക്കുക.
തന്റെ അമ്മയ്‌ക്കെതിരെ ഉണ്ടായ പരാതി അടിസ്ഥാന വിരുദ്ധമാണെന്ന് യുവതിയുടെ ഇളയ മകന്‍ വ്യക്തമാക്കിയിരിന്നു. നിയമപരമായ വിവാഹ മോചനം നടത്താതെ ഭര്‍ത്താവ് രണ്ടാം വിവാഹം ചെയ്തത് ചോദ്യം ചെയ്തതാണ് കള്ളപ്പരാതിക്ക് കാരണമെന്ന് ആരോപണവിധേയയാ വനിത പറഞ്ഞു. മകനെ ഉപയോഗിച്ച് ഇത്തരമൊരു കള്ളപ്പരാതി നല്‍കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
ബന്ധുക്കളും പൊലീസ് ഏകപക്ഷീയമായി കേസിനെ സമീപിച്ചെന്ന ആരോപണം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഐജിയുടെ അന്വേഷണം വരുന്നത്. പൊലീസ് വീഴ്‌ച്ചയെ കുറിച്ചും കേസിന്റെ സാഹചര്യവും പരിശോധിക്കും. അതേസമയം എഫ്‌ഐആറില്‍ പരാതിക്കാരന്റെ സ്ഥാനത്ത് പേരു ചേര്‍ത്ത സംഭവത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ബാലക്ഷേമ സമിതിയും. ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കാനാണ് നീക്കം.
അതേസമയം കുട്ടിയുടെ പിതാവ് പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. അറസ്റ്റിലായ യുവതിയുടെ ഇളയമകന്റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന തരത്തിലാണ് യുവതിയും ഭര്‍ത്താവും തമ്മിലുള്ള കുടുംബപ്രശ്നങ്ങള്‍. മൂന്ന് വര്‍ഷമായി കുടുംബം വേര്‍പ്പെട്ട് കഴിയുകയാണ്. ഇതിനിടെ വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചു. അതിനെ എതിര്‍ത്തതോടെ ഭീഷണി തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. രണ്ടാം വിവാഹത്തിന് ശേഷം മൂന്ന് മക്കളുമായി ഭര്‍ത്താവ് വിദേശത്ത് പോയിരുന്നു.
read also: പ്രതികാര നടപടി, പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍
അവിടെവച്ച് മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട് ചോദ്യം ചെയ്തപ്പോഴാണ് വര്‍ഷങ്ങളായി നടക്കുന്ന പീഡനവിവരം പറഞ്ഞതെന്നാണ് മൊഴി. രഹസ്യമൊഴിയുള്‍പ്പെടെ രേഖപ്പെടുത്തിയാണ് അറസ്റ്റെന്ന് പൊലീസും വിശദീകരിക്കുന്നു. എന്നാല്‍ കുടുംബപ്രശ്നമോ മൊഴിയിലെ പൊരുത്തക്കേടുകളോ അന്വേഷിക്കാന്‍ പൊലീസ് തയാറായില്ല. പരാതിയുമായി ചെന്നപ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പരാതിപ്പെടുന്നുണ്ട്.
Discussion about this post