സംസ്ഥാന ബജറ്റിൽ ഉന്നത വിദ്യാഭ്യാസ മേഖലക്ക് 3000 കോടി വകവെച്ചുവെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റിനു കോളേജ് അധ്യാപികയുടെ മറുപടി. “ഉന്നത വിദ്യാഭ്യാസ മേഖലക്ക് 3000 കോടി. വൈജ്ഞാനിക വിസ്ഫോടനത്തിന് കാതോർത്ത് കേരളം”എന്ന തലക്കെട്ടിൽ മന്ത്രി എഴുതിയ കുറിപ്പിൽ കഴിഞ്ഞ ദിവസം ധനമന്ത്രി ടി.എം തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിവിധ ആവശ്യങ്ങൾക്കായി വിഹിതങ്ങൾ അനുവദിച്ചതിനെ പ്രകീർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,
“പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നിരവധി പരിഷ്കാരങ്ങളാണ് നടപ്പിലാക്കി വരുന്നത്. 2014-ൽ എയ്ഡഡ് കോളേജുകളിൽ അനുവദിച്ച കോഴ്സുകൾക്ക് ആവശ്യമായ 721 തസ്തികകൾ സൃഷ്ടിച്ചതും, സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 562 അദ്ധ്യാപക നിയമനങ്ങൾ നടത്തിയതും, 401 പുതിയ തസ്തികകൾ സൃഷ്ടിച്ച് 410 അനദ്ധ്യാപക നിയമനങ്ങൾക്ക് സാഹചര്യമൊരുക്കിയതും സ്മരണീയമാണ്. ” – അദ്ദേഹം കുറിച്ചു
എന്നാൽ ഇതിനു മറുപടിയായി കോളേജ് അധ്യാപകരുടെ ശമ്പളം പുതുക്കി നൽകാതെ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയെ കുറിച്ചാണ് കോളേജ് അദ്ധ്യാപിക രംഗത്ത് വന്നത്.”പതിനാലു വർഷം മുൻപത്തെ അതായത് 2006 റെഗുലേഷൻ പ്രകാരമുള്ള ശമ്പളം വാങ്ങി ജോലി ചെയ്യുന്ന കോളേജ് അദ്ധ്യാപകർക്ക് 2016 റെഗുലേഷൻ പ്രകാരമുള്ള ശമ്പളം കൊടുത്തിട്ടു മതി ഈ മേനി പറച്ചിൽ….. പിശകില്ലാതെ ഒരു ഉത്തരവ് ഇറക്കാൻ കെൽപ്പില്ലാത്ത ഒരു വകുപ്പും മന്ത്രിയും വന്നിരിക്കുന്നു…. ഉന്നത വിദ്യാഭ്യാസത്തെ നശിപ്പിച്ചു മതിയായില്ലേ ” ആതിര പ്രകാശ് എന്ന കോളേജ് അദ്ധ്യാപിക എഴുതി.
എന്നാൽ ഇതിനു പരിഹാസത്തോടെയായിരുന്നു മന്ത്രിയുടെ മറുപടി. “അസിസ്റ്റൻ്റ് പ്രൊഫസർക്ക് കുറച്ചുകൂടെ മാന്യതയാകാം. കുട്ടികളെ പഠിപ്പിക്കുന്നതും ഇത്തരം ഭാഷയിലാണോ? വിതച്ചതല്ലേ കൊയ്യൂ.” – കോളേജ് അധ്യാപികക്ക് മറുപടിയായി ജലീൽ എഴുതി. മന്ത്രിയുടെ മറുപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും മറുപടികളും വരുന്നുണ്ട്.
Discussion about this post