ഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ആക്ടീവ് കേസുകൾ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇരു സംസ്ഥാനങ്ങളിലും മാത്രമാണ് നിലവിൽ അമ്പതിനായിരത്തിൽ അധികം ആക്ടീവ് കേസുകളുള്ളത്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുറയുമ്പോഴും കേരളത്തിലും മഹാരാഷ്ട്രയിലും കൊറോണ കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഏഴു മാസങ്ങൾക്ക് ശേഷം ആദ്യമായി രാജ്യത്തെ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം രണ്ടു ലക്ഷത്തിൽ താഴെയാകുകയാണ്. 2,00528 പേരാണ് നിലവിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. 1,02,28753 പേർ ഇതുവരെ രോഗമുക്തി നേടി. എട്ടു മാസങ്ങൾക്ക് ശേഷം രാജ്യത്തെ മരണ നിരക്ക് 140 ൽ താഴെയെത്തിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി. രാജ്യത്ത് 141 പേർക്ക് യുകെയിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 4,54,049 പേർ കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചുവെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി. അതേസമയം കേരളവും തമിഴ്നാടും വാക്സിൻ വിതരണത്തിൽ മെല്ലെപ്പോക്ക് തുടരുന്നതായി കേന്ദ്ര സർക്കാർ റിവ്യൂ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. പ്രതിദിന രോഗബാധ ഏറ്റവും കൂടുതൽ ഉള്ള കേരളത്തിൽ വാക്സിനോടുള്ള വിമുഖത അപകടകരമാണെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post