ഇസ്ലാമാബാദ്: ഭീകരസംഘടനകൾക്ക് സുരക്ഷിത താവളമൊരുക്കുകയും ഭീകര പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുകയും ചെയ്യുന്ന പ്രവൃത്തികൾ നിർബാധം തുടർന്ന് പാകിസ്ഥാൻ. ഇക്കാരണങ്ങളാൽ പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് കരിമ്പട്ടികയിൽ പെടുത്താൻ സാദ്ധ്യത. ജമാ അത്ത് ഉദ്ദവ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകൾ ഇപ്പോഴും പാകിസ്ഥാനിൽ സ്വതന്ത്രമായി പ്രവർത്തിക്കുകയാണെന്ന് ഗ്രീക്ക് സിറ്റി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി ധനസമാഹരണം നടത്തുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്യുന്ന രാജ്യങ്ങളെയാണ് എഫ് എ ടി എഫ് കരിമ്പട്ടികയിൽ പെടുത്തുന്നത്. നിലവിൽ പാകിസ്ഥാൻ ഗ്രേ പട്ടികയിലാണ് ഉള്ളത്. ഇതിൽ നിന്നും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. 2018ലാണ് പാകിസ്ഥാനെ എഫ് എ ടി എഫ് ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഭീകരവാദ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ പാകിസ്ഥാന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി 2020 ഒക്ടോബറിൽ നടന്ന എഫ് എ ടി എഫ് യോഗത്തിൽ അദ്ധ്യക്ഷൻ മാർക്കസ് പ്ലിയർ വിലയിരുത്തിയിരുന്നു. ഇതിന് ശേഷവും പാകിസ്ഥാൻ ഭീകരരെ പ്രോത്സാഹിപ്പിക്കുന്നത് തുടർന്നതായി സംഘടന നിരീക്ഷിക്കുന്നുണ്ട്. മുഹമ്മദ് നബിയുടെ കാർട്ടൂൺ കാണിച്ചതിന് ഫ്രാൻസിൽ അധ്യാപകന്റെ തല വെട്ടിയ കൗമാരക്കാരനെ പാക് പഞ്ചാബിൽ വെച്ച് ജമാ അത്ത് ഉദ്ദവ നേതാവ് അമീർ ഹംസ പ്രശംസിച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങൾ എഫ് എ ടി എഫിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
Discussion about this post