ഡൽഹി: സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ ഇന്ന് നടത്തിയ ചർച്ചയിലും തീരുമാനം ആകാതെ വന്നതോടെ നിലപാട് കടുപ്പിച്ച് കേന്ദ്ര കൃഷി മന്ത്രി. സമരം ഒരിക്കലും അവസാനിക്കരുത് എന്ന് ചില ആളുകൾക്ക് നിർബന്ധമുള്ളത് പോലെയാണ് തോന്നുന്നത്. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളുടെ പേരിൽ ഇവർ കർഷകരെ ബലിയാടാക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ഇനി ചർച്ചകൾ അപ്രസക്തമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി.
നിയമങ്ങൾ നടപ്പിലാക്കുന്നത് താത്കാലികമായി മാറ്റി വെക്കാനും സംയുക്ത സമിതി രൂപീകരിക്കാനുമുള്ള കേന്ദ്ര നിർദ്ദേശം അംഗീകരിക്കാൻ കർഷകർ തയ്യാറാണെങ്കിൽ മാത്രമേ ചർച്ചകൾ തുടരുന്നതിൽ അർത്ഥമുള്ളൂവെന്ന് മന്ത്രി പറഞ്ഞു. നിയമങ്ങൾ പൂർണ്ണമായി പിൻവലിക്കാൻ സാദ്ധ്യമല്ലെന്നും അദ്ദേഹം ആവർത്തിച്ചു.
കേന്ദ്ര നിർദ്ദേശം ഭൂരിപക്ഷം കർഷകർ അംഗീകരിച്ചിരുന്നു. രാഷ്ട്രീയ താത്പര്യമുള്ള ചിലർക്ക് മാത്രമാണ് ഇപ്പോഴും പ്രശ്നം. ഇവരെ ബാഹ്യശക്തികൾ നിയന്ത്രിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. സർക്കാരിന് എല്ലാ കൃഷിക്കാരോടും തുല്യ പരിഗണനയാണെന്നും പ്രശ്നം പരിഹരിക്കപ്പെടുമെന്ന ശുഭാപ്തിവിശ്വാസമാണ് ഇപ്പോഴുമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി.
Discussion about this post