തിരുവനന്തപുരം: റിട്ടയേർഡ് ഡിജിപി ജേക്കബ് തോമസ് ഐപിഎസിന് നൽകാനുള്ള ശമ്പളവും ആനൂകൂല്യങ്ങളും അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മെറ്റൽ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനു നൽകാനുണ്ടായിരുന്ന ശമ്പളവും ആനുകൂല്യങ്ങളും കമ്പനിയുടെ മോശം സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി സർക്കാർ നൽകിയിരുന്നില്ല. ഇതിനെതിരായ ജേക്കബ് തോമസിന്റെ നീക്കങ്ങളിൽ തിരിച്ചടി ഭയന്നാണ് സർക്കാർ തീരുമാനം മാറ്റിയത് എന്നാണ് സൂചന.
വിരമിച്ച് ഏഴു മാസം കഴിയുമ്പോഴാണ് സർക്കാർ തുക അനുവദിക്കുന്നത്. ശമ്പളവും ആനുകൂല്യങ്ങളും അടക്കം 40,88,000 രൂപയാണ് ഇതോടെ ജേക്കബ് തോമസിന് ലഭിക്കുക. വിജിലൻസ് ഡയറക്ടറായിരിക്കേ ഒന്നര വർഷത്തിലേറെക്കാലം സസ്പെൻഷനിലായ ജേക്കബ് തോമസ് അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവോടെ സർവീസിൽ തിരിച്ചെത്തിയപ്പോഴാണ് മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിയമിച്ചത്.
മുതിർന്ന ഡിജിപിയായതിനാൽ കേഡർ തസ്തികയായ സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ തുടങ്ങിയ തസ്തികകളിൽ നിയമിക്കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതുവരെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ വഹിക്കാത്ത പദവിയിൽ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡിജിപിയെ നിയമിച്ചത് അഴിമതിക്കെതിരായ ജേക്കബ് തോമസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനോടുള്ള പ്രതികാര നടപടിയായായിരുന്നു വ്യാഖ്യാനിക്കപ്പെട്ടിരുന്നത്.
Discussion about this post