റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിന്റെ വിവിധയിടങ്ങളില്‍ നിന്ന് ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകരെയാണ് ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം കാണാതായതെന്നാണ് ആരോപണം. ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാന്‍ പഞ്ചാബില്‍ നിന്ന് നിരവധി കര്‍ഷകരാണ് എത്തിയത്.
ഇവരില്‍ പലരേയും കാണാനില്ലെന്നാണ് സംഘടനയുടെ ആരോപണം. പഞ്ചാബിലെ താത്താരിവാല ഗ്രാമത്തില്‍ നിന്നുള്ള പന്ത്രണ്ട് കര്‍ഷകരെ കാണാതായതായി ജനുവരി 26ന് തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം ചെങ്കോട്ടയിലടക്കം നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതില്‍ ഏഴ് പേര്‍ ബാന്‍ഗി നിഹാല്‍ സിംഗ് ഗ്രാമത്തില്‍ നിന്നുള്ളവരാണ്. 11 പേര്‍ മോഗയില്‍ നിന്നുള്ളവരുമാണ്. നിലവില്‍ അറസ്റ്റ് ചെയ്തവരെ തിഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പഞ്ചാബ് ഹ്യൂമണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് ആരോപണവുമായി രംഗത്തെത്തിയത്.
Discussion about this post