തിരുവനന്തപുരം: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസമാകുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് അവതരിപ്പിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. കേരളത്തിനെ കൈപിടിച്ചുയര്‍ത്തുന്ന ബജറ്റിന് പിണറായി വിജയനും തോമസ് ഐസക്കും കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കാന്‍ തയ്യാറാവണമെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഇത്രയും കയ്യഴച്ച് സഹായിച്ച മറ്റൊരു ബജറ്റ് ഉണ്ടായിട്ടില്ല. താറുമാറായ ഗതാഗത സംവിധാനമുള്ള കേരളത്തിന് ഏറ്റവുംആവശ്യമായ റോഡ് വികസനത്തിന് 65,000 കോടി അനുവദിച്ചത് വലിയ നേട്ടമാണ്. ബജറ്റിനെ മുന്‍വിധിയോടെ സമീപിച്ച് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയതിന് സംസ്ഥാന ധനമന്ത്രി മാപ്പ് പറയണം. എട്ട് മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയിലുണ്ടായിരുന്ന യു.പി.എ കാലഘട്ടത്തില്‍ പോലും ലഭിക്കാത്ത പിന്തുണയാണ് ഇപ്പോള്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. കേരളത്തിന്റെ അഭിമാനസ്തംഭമായ കൊച്ചി മെട്രോയ്ക്ക് വേണ്ടി 1957 കോടി രൂപ അനുവദിച്ചതില്‍ തന്നെ സംസ്ഥാനത്തെ മുഖ്യധാരയിലെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ താത്പര്യം പ്രകടമാണ്. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെന്ന പേരില്‍ പിണറായി വിജയന് താക്കോല്‍ദാനം നിര്‍വഹിച്ച 2.5 ലക്ഷം വീടുകള്‍ കേന്ദ്രസര്‍ക്കാരിന്റെ പണം കൊണ്ട് നിര്‍മ്മിച്ചതാണെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
അര്‍ബന്‍ പി.എം.എ.വൈ പദ്ധതിയാണ് ഒരു ലജ്ജയുമില്ലാതെ പിണറായി വിജയന് അടിച്ചുമാറ്റിയത്. ജല്‍ജീവന്‍ മിഷന് എന്ന കുടിവെള്ള പദ്ധതിക്ക് വേണ്ടി 2.5 ലക്ഷം കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇത് കേരളത്തിന്റെ പദ്ധതിയായി പിണറായി വിജയന് ആഘോഷിക്കുകയാണ്. ഇതിന് ഒരു രൂപ പോലും സംസ്ഥാനത്തിന് ചിലവില്ല. എന്നാല്‍ ഇത് പിണറായി വിജയന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണ് ഇടതുപക്ഷം. മോദിയുടെ സൗജന്യ വൈദ്യുതീകരണ പദ്ധതി പിണറായി വിജയന് സര്‍ക്കാരിന്റെ നേട്ടമായാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ആലപ്പുഴ ബൈപ്പാസിന്റെ പകുതി പണവും കേന്ദ്രം നല്‍കിയതാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ വലിയ സംഭവമായി കൊട്ടിഘോഷിക്കുകയാണ് പിണറായി വിജയനും സംഘവും. ഇപ്പോള്‍ കൊച്ചി മെട്രോയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ വിലയിരുത്തിയ പണവും സംസ്ഥാനത്തിന്റെതാണെന്ന് പറയാന്‍ ഇവര്‍ക്ക് ഒരു മടിയും കാണില്ലെന്നും സുരേന്ദ്രന് പരിഹസിച്ചു. കേന്ദ്ര പദ്ധതികള്‍ തങ്ങളുടേതാക്കി അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post