കൊല്ലം: സംസ്ഥാനത്തെ കശുവണ്ടി തൊഴിലാളികളുടെ ഉപജീവനം പ്രതിസന്ധിയിൽ. കശുവണ്ടി മേഖലയോട് അവഗണന തുടരുന്ന സംസ്ഥാന സർക്കാർ നടപടികളോട് പ്രതിഷേധവുമായി തൊഴിലളികൾ രംഗത്തെത്തി. ഗ്രാറ്റുവിറ്റി വിതരണം മുടങ്ങിയതും തോട്ടണ്ടി ക്ഷാമം കാരണം ഫാക്ടറികൾ പൂട്ടിയതുമാണ് തൊഴിലാളികളെ ദുരിതത്തിലാക്കിയിരിക്കുന്നത്.
ഗ്രാറ്റുവിറ്റി വിതരണം ചെയ്യാൻ 62 കോടി അനുവദിക്കണമെന്ന കശുവണ്ടി വികസന കോർപ്പറേഷന്റെ ആവശ്യം സംസ്ഥാന സർക്കാർ അംഗീകരിച്ചില്ല. തൊഴിൽ ദിനങ്ങളുടെ എണ്ണം കുറഞ്ഞതും പ്രതിസന്ധിയാണ്. എന്നാൽ ഈ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ അവഗണന തുടരുകയാണ്.
2020 വരെയുള്ള ഗ്രാറ്റുവിറ്റി കുടിശിക നൽകാൻ സഹായം തേടി കശുവണ്ടി വികസന കോർപ്പറേഷൻ സർക്കാരിന് കത്ത് നൽകിയിരുന്നു. 62 കോടി രൂപ അനുവദിക്കണമെന്നായിരുന്നു ആവശ്യം. പക്ഷേ സർക്കാർ അനുവദിച്ചത് 2015 വരെയുള്ള ഗ്രാറ്റുവിറ്റി മാത്രമാണ്. കശുവണ്ടി മേഖലയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളെ, പ്രത്യേകിച്ച് സ്ത്രീകളെ പ്രതിസന്ധിയിലാക്കുന്നതാണ് സംസ്ഥാന സർക്കാർ തുടരുന്ന ഈ അവഗണന.
Discussion about this post