കൊച്ചി: ഹൈക്കോടതിയുടെ പ്രധാന ഗേറ്റിനുമുന്നില്‍ ജഡ്ജിയുടെ കാറിനുനേരെ കരിഓയില്‍ പ്രയോഗം. ഇന്നു രാവിലെയായിരുന്നു സംഭവം. ജസ്റ്റിസ് വി. ഷേര്‍സിയുടെ കാറിനുനേരെയായിരുന്നു കരി ഓയില്‍ ഒഴിച്ചത്. ജസ്നയുടെ തിരോധാനത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജസ്നയുടെ ബന്ധുവായ രഘുനാഥന്‍നായര്‍ എന്നയാളാണ് കരിഓയില്‍ ഒഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്ലക്കാര്‍ഡുമേന്തി എത്തിയ രഘുനാഥന്‍ നായര്‍ പൊടുന്നനെ കാറിനുനേരെ കരിഓയില്‍ ഒഴിക്കുകയായിരുന്നു.
തനിക്ക് പല കാര്യങ്ങളും അറിയാമെന്നും ഇതുവരെ ചോദ്യം ചെയ്തില്ലെന്നും വിളിച്ചുപറഞ്ഞു കൊണ്ടാണ് ഇയാള്‍ കാറില്‍ കരിഓയില്‍ ഒഴിച്ചത്. കോട്ടയം സ്വദേശയിയായ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.2018 മാര്‍ച്ച് 22 നാണ് ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയയെ (20) കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കണ്ടിട്ടില്ല.
ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘവും കേസില്‍ അന്വേഷണം നടത്തി.പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. എരുമേലി വരെ ജെസ്ന പോയതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ചിരുന്നു.
ജസ്നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡി.ജി.പി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും കേസില്‍ തുമ്പുണ്ടായില്ല. കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
Discussion about this post