കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഹരിത ഫിനാൻസ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വാഗമൺ സ്വദേശി രാജ്കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം. എറണാകുളം സി ജെ എം കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
നെടുങ്കണ്ടം എസ്.ഐ ആയിരുന്ന കെ.എ.സാബുവാണ് കേസിലെ ഒന്നാം പ്രതി. സാബുവിനെ കൂടാതെ അതേ സ്റ്റേഷനിലെ എട്ട് പൊലീസുകാരെ കൂടി സിബിഐ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഇടുക്കി എസ്.പി വേണുഗോപാൽ, ഡിവൈഎസ്പിമാരായ ഷംസുദ്ദീൻ, ജയിൽ ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവർക്കെതിരെ അന്വേഷണം തുടരുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചു.
2019 ജൂണ് 12നാണ് ഹരിതാ ഫിനാൻസ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമൺ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരിൽ നാല് ദിവസം ക്രൂരമായി മർദ്ദിച്ചു. പിന്നീട് പീരുമേട് ജയിലിൽ റിമാൻഡ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ ജൂണ് 21ന് ജയിലിൽ വച്ച് മരിച്ചു.
Discussion about this post