അഗളി: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. അട്ടപ്പാടി കാരറ സ്വദേശികളായ റാണി-നിസാം ദമ്പതിമാരുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.
പീഡിയാട്രിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് എത്താന്‍ വൈകിയതിനാലാണ് കുട്ടിയുടെ ജീവന് രക്ഷിക്കാനാകാഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഞ്ചുമണിക്കൂറാണ് ആംബുലന്സിനുവേണ്ടി കാത്തുനിന്നതെന്ന് കുടുംബം പരാതിപ്പെടുന്നു.
അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയാണ് റാണിയുടെ പ്രസവം നടന്നത്. ജനിച്ചപ്പോള്‍ത്തന്നെ കുട്ടിക്ക് ശ്വാസതടസ്സമുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടർമാര്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇതിനായി പീഡിയാട്രിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സിന്റെ സഹായം ആവശ്യമായി വന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് എത്താല്‍ ഏകദേശം 170 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ടതായിട്ടുണ്ട്. ഈ സംവിധാനങ്ങളുള്ള ആംബുലന്‍സിന്റെ സേവനം ജില്ലയില്‍ ലഭ്യമല്ലാത്തതിനാല്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍നിന്നും സ്വകാര്യ ആംബുലന്‍സ് ആവശ്യപ്പെടുകയായിരുന്നു. പെരിന്തല്‍മണ്ണയില്‍ നിന്ന് അട്ടപ്പാടിയിലേക്ക് ആംബുലന്‍സ് എത്താനും ഏറെ ദൂരം സഞ്ചിരിക്കേണ്ടതുണ്ട്.
Discussion about this post