കൊല്‍ക്കത്ത: പശ്ചിമബംഗാളിന്റെ സംസ്കാരവും പൈതൃകവും മമത ബാനര്‍ജിയുടെ ഭരണത്തിന് കീഴില്‍ ഭീഷണി നേരിടുകയാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ. ബി.ജെ.പിക്ക് മാത്രമേ അവ സംരക്ഷിക്കാന്‍ സാധിക്കൂ. തൃണമൂല്‍ കോണ്‍ഗ്രസ് വിവിധ വിഭാഗങ്ങളെ അകത്തുളളവര്‍, പുറത്തുള്ളവര്‍ എന്നിങ്ങനെ ബ്രാന്‍ഡ് ചെയ്ത് വിഭജിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിര്‍ഭും ജില്ലയിലെ താരാപിഥില് നിന്നുള്ള പരിവര്‍ത്തന്‍ യാത്രയുടെ രണ്ടാം ഘട്ടത്തിന് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ.
പശ്ചിമബംഗാള്‍ സര്‍ക്കാര്‍ രാഷ്ട്രീയത്തെ ക്രിമിനല്‍വല്‍ക്കരിക്കുകയും പൊലീസിനെ രാഷ്ട്രീയവത്ക്കരിക്കുകയും അഴിമതിയെ സ്ഥാപനവത്ക്കരിക്കുകയും ചെയ്തു. വരുന്ന തെരഞ്ഞെടുപ്പില്‍ പണം വെട്ടിക്കുറക്കുന്ന സര്‍ക്കാറിനെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും നദ്ദ അഭിപ്രായപ്പെട്ടു.
”തൃണമൂല്‍ കോണ്‍ഗ്രസ് ആളുകളെ പുറത്തുനിന്നുള്ളവരായി മുദ്രകുത്തി എതിര്‍ക്കുന്നു. ഇത് ലജ്ജാകരമാണ്. ഗുരുദേവ് രബീന്ദ്രനാഥ ടാഗോര്‍, സ്വാമി വിവേകാനന്ദന് എന്നിവരുടെ മണ്ണിെന്റ സംസ്കാരമല്ല ഇത്.” -നദ്ദ വ്യക്തമാക്കി.
‘മാതാവ്, മാതൃരാജ്യം, ജനങ്ങള്‍’ എന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം ‘സ്വേച്ഛാധിപത്യം, അപഹരണം, പ്രീണനം’ എന്നായി കുറച്ചിട്ടുണ്ടെന്നും ബി.ജെ.പിയാണ് സംസ്ഥാനത്ത് യഥാര്‍ഥ പരിഹാരം കൊണ്ടുവരികയെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
Discussion about this post