മലപ്പുറം: മലപ്പുറത്തെ കൊവിഡ് നിയന്ത്രണങ്ങൾ കൈവിടുന്നു. രണ്ടു ദിവസം മുമ്പ് നടന്ന വെളിയങ്കോട് ചന്ദനക്കുടം നേര്‍ച്ചയുടെ ഭാഗമായി ആയിരങ്ങൾ തടിച്ചു കൂടിയിരുന്നു. പിന്നാലെ സ്കൂളുകളിലും കൊവിഡ് വ്യാപനം രൂക്ഷമായത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
വന്നേരി, മാറഞ്ചേരി സ്‌കൂളുകളില്‍ മാത്രം ഒരാഴ്ചയ്ക്കിടെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമടക്കം 440 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി, വെളിയങ്കോട്,പെരുമ്പടപ്പ് മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പ്രത്യേക നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്തുന്നില്ല.
കണ്ടെയ്ന്മെന്റ് സോണുകളുടെ പ്രഖ്യാപനവും ചില ധനിക വ്യാപാരികളുടെ സമ്മർദ്ദത്തിന് വഴങ്ങി അട്ടിമറിക്കപ്പെടുന്നതായാണ് പരാതി. കഴിഞ്ഞ ദിവസം വന്ന കൊവിഡ് പരിശോധനാ ഫലമനുസരിച്ച് മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ മാറഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ വന്നേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമുള്‍പ്പെടെ 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.












