ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ നടയ്ക്കല്‍ ആലുവിള ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ചുറ്റുവിളക്കിലെ എണ്ണ പൊട്ടിത്തെറിച്ചു. തീ ആളിക്കത്തിയത് ആളുകളില്‍ പരിഭ്രാന്തി പരത്തി. എണ്ണ വ്യാപാരികളുടെ പരിധിവിട്ട ലാഭക്കൊതിയാണ് എണ്ണ പൊട്ടിത്തെറിക്കാന്‍ കാരണം എന്നാണ് നിഗമനം. വിവിധതരം എണ്ണകളുടെ പേരില്‍ കാലങ്ങളായി തുടര്‍ന്നുവന്ന മായംകലര്‍ത്തല്‍ തട്ടിപ്പ് അതിരുവിട്ടതാണ് ‘പൊട്ടിത്തെറി എണ്ണയില്‍’ കലാശിച്ചത്.
വിതരണക്കാരും കച്ചവടക്കാരും ആവശ്യപ്പെടുന്ന ബ്രാന്‍ഡ് നെയിമിലും നിലവാരത്തിലുമാണ് തമിഴ് സംഘങ്ങള്‍ വിവിധതരം എണ്ണകള്‍ എത്തിച്ചുകൊടുക്കുന്നത്. 25 ശതമാനം വെളിച്ചെണ്ണയും 74 ശതമാനം പാരഫിന്‍ ഓയിലും ഒരു ശതമാനം വെളിച്ചെണ്ണയുടെ നിറവും മണവുമുള്ള രാസവസ്തുവും ചേര്‍ന്നാല്‍ വെളിച്ചെണ്ണ റെഡി.
ഓര്‍ഡര്‍ അനുസരിച്ചാണ് മായം ചേര്‍ക്കുന്നതും പായ്ക്കിംഗ് നടത്തുന്നതും. മായത്തിന്റെ അളവ് കൂടുംതോറും വില കുറയും.വെളിച്ചെണ്ണയ്ക്ക് പകരം എള്ളെണ്ണയും എസന്‍സും ചേര്‍ത്താല്‍ വ്യാജ എള്ളെണ്ണയും തയ്യാറായി. പേരിനുപോലും ശുദ്ധമായ എണ്ണ ചേര്‍ക്കാതെ പാരഫിന്‍ ഓയിലിനൊപ്പം ആസിഡ് ഉപയോഗിച്ച് ശുദ്ധീകരിച്ച് നിറംചേര്‍ത്ത എണ്ണ കലര്‍ത്തുന്നതോടെ ‘പൊട്ടിത്തെറി എണ്ണ’യാകും.
ഇത്തരത്തില്‍ തയ്യാറാക്കിയ എണ്ണയാണ് കല്ലുവാതുക്കലില്‍ ക്ഷേത്രത്തിലെ തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് വിവരം.
Discussion about this post