തിരുവനന്തപുരം: അർഹമായ ജോലി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യുവാക്കളോട് വഞ്ചന തുടർന്ന് സർക്കാരും പി എസ് സിയും. ഒറ്റ ദിവസം കൊണ്ട് അഡ്വൈസ് നല്കി റാങ്ക് പട്ടിക റദ്ദ് ചെയ്ത അസാധാരണ നടപടിയുമായി പി എസ് സി. എറണാകുളം ജില്ലയിലെ പാര്‍ട്ട് ടൈം ഹിന്ദി ജൂനിയര്‍ ലാംഗ്വേജ് അധ്യാപക തസ്തികയിലെ റാങ്ക് പട്ടികയാണ് പി എസ് സി റദ്ദ് ചെയ്തത്.
2020 ആഗസ്റ്റില്‍ പുറത്തുവന്ന റാങ്ക് പട്ടികയില്‍ മെയിന്‍ ലിസ്റ്റില്‍ 15 പേരെ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. എന്നാല്‍, ജില്ലയില്‍ 36 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യോഗ്യതയുള്ള 45 പേര് ഉണ്ടായിരുന്ന സപ്ലിമെന്ററി ലിസ്റ്റ് നിലനില്‍ക്കെയാണ് റാങ്ക് പട്ടിക റദ്ദാക്കിയതെന്ന് ഉദ്യോഗാര്‍ഥികൾ ആരോപിക്കുന്നു.
പട്ടിക റദ്ദാക്കിയതിന് എതിരെ കോടതിയെ സമീപിച്ചപ്പോള്‍ പ്രശ്നം പരിഹരിക്കാന്‍ പി.എസ്.സിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ തുടര്‍ന്നും റാങ്ക് പട്ടിക റദ്ദാക്കാനുള്ള തീരുമാനവുമായി പി എസ് സി മുന്നോട്ട് പോകുകയായിരുന്നു. ഈ യുവജന വഞ്ചനക്കും കോടതി അലക്ഷ്യത്തിനുമെതിരെ വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗാർത്ഥികൾ.
Discussion about this post