കൊച്ചി: കേരളം ഇന്ധന വില വർദ്ധനവിലൂടെ ലഭിക്കുന്ന അധിക നികുതി വരുമാനം വേണ്ടെന്ന് വെക്കില്ലെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ നികുതി കുറയ്ക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി.
ഇന്ധന വില വർധനവിനെതിരെ എൽഡിഎഫ് ശക്തമായി സമരം ചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു. പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയാൽ തുടർന്നുളള അഞ്ച് വർഷത്തേക്ക് നഷ്ട പരിഹാരം ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.
പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിൽ ഉചിതമായ സമയത്ത് ഇടപെടൽ ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടിയുടെ പരിധിയിൽ കൊണ്ടു വരാൻ തയ്യാറാണെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ അഭിപ്രായ സമന്വയം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞിരുന്നു.
Discussion about this post