അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഡേ- നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട സ്റ്റേഡിയത്തിൽ മറ്റൊരു ഗുജറാത്തിയായ അക്സർ പട്ടേൽ ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ ചുരുട്ടിക്കൂട്ടി. കൊവിഡ് കാലത്തിന് ശേഷം വിരുന്നെത്തിയ ക്രിക്കറ്റ് മത്സരം എന്തു കൊണ്ടും ഗുജറാത്തിന് ആവേശമായി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 112 റൺസിൽ അവസാനിച്ചു. 6 വിക്കറ്റുമായി അക്സർ പട്ടേൽ ഗംഭീര പ്രകടനം കാഴ്ചവെച്ചപ്പോൾ 3 വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിൻ മികച്ച പിന്തുണ നൽകി. ഇഷാന്ത് ശർമ്മയ്ക്ക് ഒരു വിക്കറ്റ് കിട്ടി.
53 റൺസെടുത്ത ഓപ്പണർ സാക് ക്രോളി മാത്രമാണ് ഇംഗ്ലീഷ് നിരയിൽ പിടിച്ചു നിന്നത്. ക്യാപ്ടൻ ജോ റൂട്ട് 17 റൺസെടുത്തപ്പോൾ ബെൻ ഫോക്സ് 12ഉം ജോഫ്ര ആർച്ചർ 11ഉം റൺസ് നേടി. ഇംഗ്ലണ്ട് നിരയിൽ മറ്റാരും രണ്ടക്കം കടന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യക്കും ഇംഗ്ലണ്ടിനും പരമ്പരയിൽ ജയം അനിവാര്യമാണ്.
Discussion about this post