തിരുവനന്തപുരം: എല്‍.ജി.എസ് ഉദ്യോഗാര്‍ഥികള്‍ 36 ദിവസത്തെ സമരം പിന്‍വലിച്ചു. മന്ത്രി എ.കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച ഏതാനും ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയാണെന്ന് എല്‍.ജി.എസ് ഉദ്യോഗാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആവശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതിയോടെ നടപ്പാക്കാമെന്ന് മന്ത്രി അറിയിച്ചതായും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി.
അതേസമയം, രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാത്തതിനാല്‍ തങ്ങള്‍ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് സി.പി.ഒ ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. ഉന്നയിച്ച വിഷയങ്ങള്‍ ന്യായമാണെന്ന് ബോധ്യപ്പെട്ടതായി മന്ത്രി അറിയിച്ചതായും അനുകൂല നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞതായും സി.പി.ഒ റാങ്ക് ജേതാക്കളെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചു.
സെക്രട്ടറിയെറ്റ് നടയില്‍ സമരം ചെയ്തിരുന്ന എല്‍.ജി.എസ്, സി.പി.ഒ ഉദ്യോഗാര്‍ഥികളെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രി എ.കെ. ബാലന് ചര്‍ച്ചക്ക് വിളിച്ചത്. ആദ്യഘട്ടം മുതലേ മന്ത്രിതല ചര്‍ച്ചക്ക് വിമുഖത കാട്ടിയ സര്‍ക്കാര്‍ പ്രക്ഷോഭം ജനശ്രദ്ധ നേടുകയും ജനകീയമാവുകയും ചെയ്തതോടെയാണ് ചര്‍ച്ചക്ക് സന്നദ്ധമായത്. മാര്‍ച്ച് രണ്ടിന് സി.പി.ഒ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിക്കുകയാണ്.
Discussion about this post