ഇടുക്കി: ക്യൂബൻ വാക്സിൻ വരുന്ന കാര്യം എന്തായെന്ന് വൈദ്യുതി മന്ത്രി എം എം മണിയോട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്ക്ഡൗൺ കാലത്ത് ക്യൂബയിൽ നിന്നും കൊവിഡ് വാക്സിൻ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ മണി ഇപ്പോൾ എന്തു പറയുന്നുവെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. മണി ആശാന്റെ മധുര മനോഹര ക്യൂബ പോലും ഭാരതത്തിന്റെ വാക്സിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന് എതിരായ പോരാട്ടം ലോകത്ത് നയിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വിജയ യാത്രയ്ക്ക് തൊടുപുഴയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി തുടച്ച് നീക്കാൻ നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കുകയുള്ളൂ. കേരളത്തിൽ അഴിമതി സാർവ്വത്രികമാണ്. ഇസ്ലാമിക ഭീകരവാദമാണ് നാടിന്റെ പ്രധാന ശത്രുവെന്ന് ക്രൈസ്തവർക്ക് മനസിലായിക്കഴിഞ്ഞു. ന്യൂമാൻ കോളേജിലെ അദ്ധ്യാപകന്റെ കൈ വെട്ടിയപ്പോൾ ക്രൈസ്തവർക്ക് ഈ അപകടം മനസിലായിരുന്നില്ല. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ എല്ലാവർക്കും ബോദ്ധ്യമായെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.












