തിരുവനന്തപുരം: സിനിമാസ്വാദകർക്ക് സന്തോഷ വാർത്ത. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അവസാനിപ്പിച്ച സിനിമ തീയേറ്ററുകളിലെ സെക്കന്‍ഡ് ഷോ പുനരാരംഭിക്കാന്‍ ദുരന്ത നിവാരണ വകുപ്പ് അനുമതി നല്‍കി. കേരള ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഒഫ് കേരളയുടെ ആവശ്യ പ്രകാരമാണ് തീയേറ്ററുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചത്.
രാവിലെ 9.00 മണി മുതൽ രാത്രി 9.00 മണി വരെ എന്ന സമയം രാത്രി 12.00 വരെ ദീർഘിപ്പിച്ചു. തീയേറ്ററുകള്‍ മുന്നോട്ട് നടത്തി കൊണ്ട് പോകുവാന്‍ പറ്റാത്ത സാഹചര്യമാണെന്നും സിനിമ വ്യവസായത്തിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി മറ്റു സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും സെക്കന്‍ഡ് ഷോ അനുവദിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് കേരള ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഒഫ് കേരള സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിർണ്ണായക തീരുമാനം വന്നിരിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിബന്ധനയോടെയാണ് സംസ്ഥാനത്തെ സിനിമ തിയ്യേറ്ററുകളുടെ പ്രവര്‍ത്തന സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ച് നല്‍കിയിരിക്കുന്നത്. ഇതോടെ റിലീസ് ദീർഘിപ്പിച്ചിരിക്കുന്ന സൂപ്പർ താര ചിത്രങ്ങളുടെ കാര്യത്തിൽ ഉൾപ്പെടെ തീരുമാനമുണ്ടാകും.
Discussion about this post