കൊല്ലം: കുണ്ടറയിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് പിടിയിൽ. കുണ്ടറ ചിറ്റുമലയില്‍ ആയുര്‍വേദ ക്ളിനിക്ക് നടത്തുന്ന ഡോ. ബബൂലിന്റെ ഭാര്യ ദിവ്യയാണ് (25) പിടിയിലായത്. ബബൂൽ- ദിവ്യ ദമ്പതികളുടെ ഏകമകള്‍ മൂന്നര മാസം പ്രായമുള്ള അനൂപയാണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ദിവ്യയുടെ വീട്ടിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ ദിവ്യയുടെ അച്ഛൻ ഓട്ടം പോയിരിക്കുകയായിരുന്നു.ഭര്‍ത്താവ് ആയുര്‍വേദ ക്ളിനിക്കിലേക്കും പോയി. കുഞ്ഞും ദിവ്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിനോട് പെട്ടെന്ന് തോന്നിയ ദേഷ്യവും വൈരാഗ്യവുമാണ് കൊലപ്പെടുത്താന്‍ കാരണമായത്.
വീട്ടില്‍ ബക്കറ്റില്‍ ശേഖരിച്ചിരുന്ന വെള്ളത്തില്‍ ആദ്യം കുഞ്ഞിനെ മുക്കിത്താഴ്ത്തി. കുഞ്ഞ് ശ്വാസം കിട്ടാതെ കൈകാലിട്ട് അടിക്കുകയും പിടയ്ക്കുകയും ചെയ്തപ്പോള്‍ വിഷമം തോന്നി. ഇതോടെ ബക്കറ്റില്‍ നിന്ന് പുറത്തെടുത്ത് കുഞ്ഞിനെ കുളിപ്പിച്ച് തോര്‍ത്തിയശേഷം കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. കട്ടിലില്‍ കൂടെ കിടത്തി.
കട്ടിലില്‍ കിടന്ന കുഞ്ഞ് കരഞ്ഞതോടെ വീണ്ടും ദേഷ്യം തോന്നി. കട്ടിലിലുണ്ടായിരുന്ന തലയണ കുഞ്ഞിന്റെ മുഖത്ത് ചേര്‍ത്ത് വച്ച് അമര്‍ത്തിപ്പിടിച്ചു. കുഞ്ഞിന് അനക്കമില്ലാതായെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് തലയണ മാറ്റിയത്.
കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം കതകടച്ച് വീട്ടില്‍ ഇരിക്കുമ്പോഴായിരുന്നു ദിവ്യയുടെ അച്ഛന് ജോണി സെബാസ്റ്റ്യന്‍ മടങ്ങിയെത്തിയത്. പലതവണ വിളിച്ചിട്ടും കതക് തുറക്കാതിരുന്ന ദിവ്യ ഏറെ നേരം കഴിഞ്ഞ് കതക് തുറന്നപ്പോള്‍ പെരുമാറ്റത്തിൽ സംശയം തോന്നിയ ജോണി കുഞ്ഞിനെ അന്വേഷിച്ചു. അപ്പോഴാണ് ദാരുണ സംഭവം പുറത്തറിയുന്നത്.
തുടര്‍ന്ന് ദിവ്യ തന്നെയാണ് ഫോണിലൂടെ കുണ്ടറ പൊലീസിനെ വിവിവരം അറിയിച്ചത്. പൊലീസെത്തി ദിവ്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക് നടത്തുന്ന ഭര്‍ത്താവ് ഉച്ചയ്ക്കു വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങിയശേഷമായിരുന്നു സംഭവം.
പ്രസവത്തെ തുടര്‍ന്ന് ദിവ്യയ്ക്കു മാനസിക അസ്വസ്ഥത ഉണ്ടായിരുന്നതായും ഒരു തവണ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായും ബന്ധുക്കള്‍ പറയുന്നു. കുഞ്ഞ് കരയുമ്പോഴായിരുന്നു കൂടുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നത്. കുറ്റസമ്മത മൊഴി നല്കിയ ശേഷം ദിവ്യ ഏറെ നേരം പൊട്ടിക്കരഞ്ഞു. കഴിഞ്ഞ മാർച്ചിലായിരുന്നു ദിവ്യയുടെയും ബബുലിന്റെയും വിവാഹം.
Discussion about this post