ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിലുണ്ടായ കലാപത്തിൽ അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്. നിർമ്മിത ബുദ്ധിയുടെയും ഫൊറൻസിക് സാങ്കേതിക വിദ്യയുടെയും സഹായത്തോടെ 755 കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സാങ്കേതിക വിദ്യയുടെ കൃത്യമായ ഉപയോഗമാണ് പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും പൊലീസിനെ സഹായിച്ചത്. ദേശീയ തലസ്ഥാനത്തെ 11 പൊലീസ് സ്റ്റേഷനുകളിലായാണ് അന്വേഷണം പുരോഗമിക്കുന്നത്. വീഡിയോ വിശകലനം, ഫേഷ്യൽ റെക്കഗനിഷൻ സംവിധാനം, സിസിടിവി ദൃശ്യങ്ങളുടെ പരിശോധന, സ്മാർട്ട്ഫോൺ രേഖകളുടെ പരിശോധന എന്നിവയും ഡൽഹി പൊലീസ് ഉപയോഗിക്കുന്നുണ്ട്.
പല ഡേറ്റാബേസുകളിൽ നിന്നും ലഭിച്ച ഫോട്ടോഗ്രാഫുകൾ പരിശോധനയ്ക്ക് വിധേയമാക്കി. 945 സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധനക്ക് വിധേയമാക്കിയത്. റോഡുകളിൽ സ്ഥാപിച്ച സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ, മാധ്യമ പ്രവർത്തകരിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ എന്നിവയും ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പരിശോധനക്ക് വിധേയമാക്കുന്നു.
ഇത്തരത്തിൽ കലാപത്തിൽ പങ്കെടുത്ത കുറ്റവാളികളെ തിരിച്ചറിയുകയും അവർക്കെതിരെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്നു.
2020 ഫെബ്രുവരി 24ന് രാഹുൽ സോളങ്കി എന്ന 26 വയസ്സുകാരൻ ഡൽഹിയിലെ രാജധാനി സ്കൂളിന് സമീപം വെടിയേറ്റു മരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോൺ പിടികൂടി പരിശോധനക്ക് വിധേയമാക്കി. അതിൽ ഇൻസ്റ്റാൾ ചെയ്തിരുന്ന ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ പ്രതിയുടെ അന്നേ ദിവസത്തെ നീക്കങ്ങൾ പരിശോധിക്കുകയും സംഭവ സമയത്ത് സ്ഥലത്തെ അയാളുടെ സാന്നിദ്ധ്യം ശാസ്ത്രീയമായി രേഖപ്പെടുത്തുകയും ചെയ്തു.
കലാപത്തിന് വിനിയോഗിക്കപ്പെട്ട പണത്തിന്റെ ക്രയവിക്രയങ്ങളും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചു. ഇതിന് വേണ്ടിയും വീഡിയോ പരിശോധനകളും ഫേഷ്യൽ റെക്കഗനിഷൻ സംവിധാനവും ഉപയോഗിച്ചു.
2020 അവസാനത്തോടെ 400ലധികം കേസുകളിൽ അന്വേഷണം പൂർത്തിയായി. 342 കുറ്റപത്രങ്ങൾ സമർപ്പിച്ചു. 2020 ഫെബ്രുവരി 23നായിരുന്നു ഡൽഹിയിൽ കലാപകാരികൾ ആക്രമണം അഴിച്ചുവിട്ടത്. ഫെബ്രുവരി 25 വരെ നീണ്ടു നിന്ന കലാപത്തിൽ 53 പേർക്ക് ജീവഹാനി സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും സമ്പത്ത് കൊള്ളയടിക്കപ്പെടുകയും മുതൽ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
ഡൽഹി കലാപത്തിൽ ഉപയോഗിച്ച അതേ സാങ്കേതിക വിദ്യകളാണ് കർഷക കലാപത്തിലെ പ്രതികളെ പിടികൂടാനും ഡൽഹി പൊലീസ് ഉപയോഗിച്ചു വരുന്നത്.
Discussion about this post