കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റിനെതിരെ മൊഴി നൽകിയ പൊലീസുകാരികൾ അന്വേഷണ രഹസ്യം ചോർത്തിയെന്ന് ഇഡി. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് പരാതി നൽകും. പ്രതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചവര്‍തന്നെ അന്വേഷണ ഏജന്‍സിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്.
വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിക്കാനും ഇഡി ആലോചിക്കുന്നുണ്ട്. സ്വപ്‌നാ സുരേഷിന്റെ സുരക്ഷയ്ക്ക് സംസ്ഥാന പൊലീസിനെ ആവശ്യപ്പെടുന്നത് പുനരാലോചിക്കാനും ഇ.ഡി. തീരുമാനിച്ചു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സിജി വിജയന്‍, കടവന്ത്ര സ്റ്റേഷനിലെ എസ്. റെജിമോള്‍ എന്നീ സിവില്‍ പൊലീസ് ഓഫീസര്‍മാരാണ് ഇ.ഡി.ക്കെതിരേ മൊഴി നല്‍കിയത്.
ഇവരുടെ പ്രവൃത്തിക്ക് പിന്നിൽ പൊലീസ് അസോസിയേഷനിലെ ഉന്നതനാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇക്കാര്യത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോർട്ട് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ.ഡി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്നായിരുന്നു പൊലീസുകാരികൾ മൊഴി നൽകിയത്. ഇത് ക്രിമിനല്‍ ചട്ടപ്രകാരം രഹസ്യം ചോര്‍ത്തലില്‍ ഉള്‍പ്പെടുത്താവുന്ന കുറ്റമാണെന്നാണ് ഇ.ഡി.യുടെ അഭിപ്രായം.
മുഖ്യമന്ത്രിയുടെ പേര് സ്വപ്നയോട് ചോദിച്ചതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ഇ.ഡി.യുടെ നിലപാട്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയാന്‍ സമ്മര്‍ദം ചെലുത്തി എന്നത് നിയമപരമായി നിലനില്‍ക്കുന്ന ഒന്നല്ല. കേസ് തെളിയിക്കാന്‍ പല ചോദ്യങ്ങളും ചോദിക്കും. അതിന് പിന്നില്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ല. അതാണ് അന്വേഷണ ഏജന്‍സികളുടെ രീതിയെന്നാണ് ഇഡിയുടെ വിശദീകരണം.
കൂടാതെ ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ, സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസുകാരിയുടെ മൊബൈല്‍ ഫോണില്‍നിന്നു പുറത്തുള്ള പൊലീസ് ഉദ്യോഗസ്ഥനെ താന്‍ വിളിച്ചിരുന്നെന്ന സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയും പുറത്ത് വന്നിട്ടുണ്ട്. ഈ വിഷയത്തിലെ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിലെ കോടതി നിലപാടും നിർണ്ണായകമാകും.












